pipeline
കാവശ്ശേരിയിൽ കൊച്ചി സേലം വാതക പൈപ്പ് ലൈൻ സ്ഥാപിക്കലിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ആലത്തൂർ: കർഷക പ്രതിഷേധം മൂലം പലതവണ തടസപ്പെട്ട കൊച്ചി​​- സേലം വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. കാവശ്ശേരി പരയ്ക്കാട്ടുകാവ് വളവിനടുത്തുള്ള പാടത്താണ് ഇപ്പോൾ ജോലി നടക്കുന്നത്. കൊച്ചി കരൂർ പെട്രോനെറ്റ് പൈപ്പ് ലൈൻ നിലവിലുള്ള അതേ സ്ഥലത്ത് തന്നെയാണ് രണ്ട് മീറ്റർ താഴ്ചയിൽ പൈപ്പിടുന്നത്.

കൊച്ചി​- സേലം പൈപ്പ് ലൈൻ ലിമിറ്റഡ് എന്ന കമ്പനിയാണ് ലൈൻ സ്ഥാപിക്കുന്നത്. കൊച്ചി മുതൽ കഞ്ചിക്കോട് വരെ സ്ഥാപിക്കാനാണ് കരാർ. 2016ൽ ഏറ്റെടുത്ത കരാർ മഴ തുടങ്ങുന്നതിന് മുമ്പ് തീർക്കാനുള്ള തിരക്കിലാണ് കമ്പനി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ വാതകം കൊച്ചി റിഫൈനറിയിൽ നിന്ന് സേലത്തേക്ക് കടത്താനുള്ള ലൈനാണിത്.

രണ്ടാവിള നെൽകൃഷി ഇറക്കിയ പാടത്തെ വിള നശിപ്പിച്ച് പണി നടത്തുന്നതിലും നഷ്ട പരിഹാരം സംബന്ധിച്ച ഉറപ്പോ മുൻകൂട്ടിയുള്ള നോട്ടീസോ ഇല്ലാതെ പണി നടത്തുന്നതിനും എതിരെ തെന്നിലാപുരത്തും കുഴൽമന്ദത്തും കർഷകർ പ്രതിഷേധിച്ചിരുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ.പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം ഉല്പന്നങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ലൈനുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്. ഉപയോഗ അവകാശ നിയമപ്രകാരം ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് ലൈൻ സ്ഥാപിക്കാൻ വീണ്ടും നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

മാനുഷിക പരിഗണന മൂലം സാന്ത്വന പ്രതിഫലമായി നെൽകൃഷിക്ക് സെന്റിന് 3761 രൂപ നൽകും. ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തിൽ ഒമ്പത് മീറ്ററിന് ആനുപാതികമായി 20 ശതമാനം തുകയും നൽകും. മറ്റ് വിളകൾക്കും മാനദണ്ഡ പ്രകാരം തുക നൽകും. കർഷകർ ഭൂമിയുടെ രേഖ ഹാജരാക്കുന്ന മുറയ്ക്ക് ന്യായവിലയുടെ 20 ശതമാനവും നഷ്ടപരിഹാരം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.