ചെർപ്പുളശ്ശേരി: പൂക്കോട്ടുകാവ് പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ മിക്‌സഡ് ഫുട്ബാൾ മത്സരം ആവേശമായി. മുന്നൂർക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്താണ് കഴിഞ്ഞ ദിവസം വ്യത്യസ്ഥമാർന്ന ഫുട്ബാൾ മത്സരം നടന്നത്. ഒരേ ടീമിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ജോഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി. ഏഴു പേരടങ്ങുന്ന ടീമിൽ മൂന്ന് പേർ പെൺകുട്ടികൾ വേണമെന്നായിരുന്നു നിബന്ധന.
പഞ്ചായത്തിലെ സ്‌കൂളുകളിൽ നിന്നുള്ള പതിനൊന്ന് ടീമുകളാണ് മേളയിൽ പങ്കെടുത്തത്. സ്ത്രീ
സമത്വം കൊട്ടിഘോഷിക്കുമ്പോഴും ഫുട്ബാൾ പോലുള്ള കായിക ഇനങ്ങളിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വം തിരിച്ചറിഞ്ഞ് സ്ത്രീ സമത്വം എന്ന ആശയം മുൻനിർത്തിയാണ് പെൺകുട്ടികളേയും കളിക്കളത്തിലേക്ക് ഇറക്കിയത്.
ഹൈസ്‌കൂൾ വിഭാഗത്തിൽ മുന്നൂർക്കോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളും, യു.പി.വിഭാഗത്തിൽ കല്ലുവഴി എ.യു.പി.സ്‌കൂളും, എൽ.പി വിഭാഗത്തിൽ മുന്നൂർക്കോട് എൽ.പി സ്‌കൂളും ചാമ്പ്യൻമാരായി. കേരള ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ അബ്ദുൾ ഹക്കീമാണ് മത്സരം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവൻ അധ്യക്ഷനായി. പി.സിജി, കെ.അജിത്കുമാർ എന്നിവർ സംസാരിച്ചു. സ്ത്രീ സമത്വം എന്ന ആശയവുമായി നിരവധി പ്രവർത്തനങ്ങൾ പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കി വരുന്നുണ്ട്.