valliyode
വടക്കഞ്ചേരി വള്ളിയോട് കരിപ്പാലി പാടശേഖരത്ത് ഇറങ്ങിയ മാൻ.

വടക്കഞ്ചേരി: മംഗലംഡാം മലയോര മേഖലയിൽ പുലിശല്യം വ്യാപകമാകുന്നു. മേഖലയിൽ നിരന്തരം പുലിയിറങ്ങുന്ന സാഹചര്യത്തിൽ പുലർച്ചെ ടാപ്പിംഗ് നടത്തുന്നതും രാത്രി യാത്രയും ഒഴിവാക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

സാധാരണ പുലർച്ചെ നാലുമുതൽ ടാപ്പിംഗ് തുടങ്ങാറുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മംഗലംഡാം പൂതംകൊട്ടിലാണ് പുലിയെ കാണുന്നത്. ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ മറ്റ് അനിഷ്ട സംഭവമൊന്നും ഉണ്ടായില്ല.

വെള്ളിയാഴ്ച പുലർച്ചെ പൂതംകോട് മേലേപുരയ്ക്കൽ മുത്ത് കുട്ടിയുടെ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളിയായ റഫീഖ് പുലിയെ കാണ്ടിരുന്നു. ശനിയാഴ്ചയും പൂതംകോട്ടിൽ തന്നെ മറ്റൊരു തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിടെ പുലിയുടെ മുന്നിൽ നിന്ന് തൊഴിലാളികളായ മുത്തു,​ ഭാര്യ സുലേഖ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

പുലിയെ കണ്ടപ്പോൾ സുലേഖ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുത്തു പുറംതിരിഞ്ഞ് ഓടാത്തതിനാൽ ആക്രമിച്ചില്ല. പുലിയുടെ കണ്ണിലേക്ക് തന്നെ ടോർച്ച് അടിച്ച് പുറകോട്ട് നടന്ന് രക്ഷപ്പെടുകയായിരുന്നു. അതേദിവസം,​ പ്രദേശവാസിയായ വക്കച്ചൻ പുലിയെയും രണ്ട് കുട്ടികളെയും കണ്ടതായി പറയുന്നു. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി സമീപത്തെ

പുഴയോരത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഈ ഭാഗത്ത് കരടി, മാൻ എന്നിവയും വ്യാപകമാണ്. കഴിഞ്ഞ ദിവസം കോട്ടേക്കുളത്തിന് സമീപം കരടിയെയും ടാപ്പിംഗ് തൊഴിലാളികൾ കണ്ടിരുന്നു. കൂടാതെ വടക്കഞ്ചേരി വള്ളിയോട് കരിപ്പാലി പാടശേഖരത്ത് മാൻകൂട്ടവും ഇറങ്ങിയിരുന്നു.