അഗളി: മേലേ ഗലസി ഊരിന് മുകൾ ഭാഗത്ത് പൊടിയറ മലയിൽ നിന്ന് വിളവെടുപ്പിന് പാകമായ ഇടുക്കി നീലച്ചടയൻ ഇനത്തിൽപെട്ട 408 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും വനംവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെടികൾ നശിപ്പിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലാണ് പൊടിയറ മല. ആനവായ് ഊരിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണിത്. തുടുക്കി, ഗലസി എന്നീ ഊരുകൾ കഴിഞ്ഞ് വന്യമൃഗങ്ങളുള്ള അപകടം നിറഞ്ഞ വഴിയിലൂടെ ചെന്നാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവ് ചെടികൾക്ക് ആറടിയോളം ഉയരമുണ്ട്. കഞ്ചാവ് കൃഷി ചെയ്തയാളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് അധികൃതർ അറിയിച്ചു.
പാലക്കാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് കമ്മഷണർ രാജാസിംഗ്, സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുമേഷ്, വിപിൻദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അജിത് കുമാർ, മൻസൂർ അലി, സിവിൽ ഓഫീസർമാരായ പ്രസാദ്, രതീഷ്, കബീർ, ബിനു, ശ്രീകുമാർ, ജോൺസൺ, വനിതാ സിവിൽ ഓഫീസർ സ്മിത, ഡ്രൈവർ ശെൽവകുമാർ, ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാരായ പാഞ്ചൻ, പെരുമാൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.