പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2,05,41,500 രൂപയുടെ കുഴൽപ്പണവുമായി അഞ്ചുപേരെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ സുരേന്ദ്രൻ (24), വിവേക് (26), മഹാരാഷ്ട്ര സ്വദേശികളായ പദംസിംഗ് (27), പ്രമോദ് (24), കർണാടക സ്വദേശി പ്രഭാകർ (26) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് സംഭവം.
അഹല്യനഗരി എക്സ്‌പ്രസിൽ കോയമ്പത്തൂരിൽ നിന്ന് കൊല്ലത്തേക്ക് പണം കൊണ്ടുപോകുമ്പോഴാണ് ഇവരെ പിടികൂടിയത്. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്.ഐക്ക് ലഭിച്ച വിവരത്തെ തുടർന്ന് എ.എസ്.ഐ കെ.സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ സംശയാസ്പദമായ നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. ഷർട്ടിൽ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. പാലക്കാട് നോർത്ത് പൊലീസും പരിശോധനയിൽ പങ്കെടുത്തു.