fire-pkd

കഞ്ചിക്കോട്: വ്യവസായ മേഖലയിലെ പെയിന്റ് നിർമ്മാണ കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ജീവനക്കാരി പാറ കൂളിയോട് സ്വദേശി അരുണ (40),​ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് പൊള്ളലേറ്റു. ഗുരുതര പരിക്കേറ്റ അരുണയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നാണ് സംഭവം. പ്രാഥമിക കണക്കനുസരിച്ച് ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ടർപ്പന്റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാക്കിലാണ് തീപിടിത്തമുണ്ടായത്. സംഭവ സമയം കമ്പനിയിൽ നാല് വനിതകളടക്കം ഏഴ് ജീവനക്കാർ ഉണ്ടായിരുന്നു. 40,000 ലിറ്റർ ടർപ്പന്റൈൻ ഇവിടെ സൂക്ഷിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിച്ചത്. ടിന്നുകൾ പൊട്ടിത്തെറിച്ച് പരന്നൊഴുകിയ ടർപ്പന്റൈനിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

ലോഡ് കയറ്റാനെത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരാണ് അരുണയെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട ലീഡിംഗ് ഫയർമാൻ ബെന്നി കെ. ആൻഡ്രോസ്, ഫയർമാൻ നവാസ് ബാബു എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിലെ അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന മൂന്നുമണിക്കൂർ നീണ്ട പരിശ്രമത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുക കിലോമീറ്ററുകൾ ദൂരത്തേക്ക് വ്യാപിച്ചു. പ്രദേശത്ത് രൂക്ഷമായ ഗന്ധവും പലർക്കും ശ്വാസതടസവും അനുഭവപ്പെട്ടു.

തൃശൂർ നടത്തറ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇവിടെ നേരത്തേ മൂന്നുതവണ സമാന രീതിയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ആറുമാസം മുമ്പാണ് അവസാനമായി തീപിടിത്തം ഉണ്ടായത്. അന്ന് ഗോഡൗൺ പൂർണമായും കത്തി നശിച്ചിരുന്നു.

ആവശ്യമായ സുരക്ഷാ സംവിധാനമില്ലാതിരുന്നതാണ് തീ പടരാൻ കാരണമെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. 40 സേനാംഗങ്ങൾക്ക് പുറമേ വ്യവസായ മേഖലയിലെ കമ്യൂണിക്കേഷൻ റസ്ക്യൂ വോളന്റിയർ ടീം, തൊഴിലാളികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി.

ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, കഞ്ചിക്കോട് സ്റ്റേഷൻ ഓഫീസർ എൻ.കെ. ഷാജി, പാലക്കാട് അസിസ്റ്റന്റ് ഓഫീസർ രാജീവ് സുബ്രഹ്മണ്യം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.