vazhthina
വേങ്ങേരി വഴുതന

മണ്ണാർക്കാട്: ഏറ്റവും രുചിയുള്ളതും, ചവർപ്പ് ഇല്ലാത്തതുമായ തനിനാടൻ വഴുതനയായ വേങ്ങേരി വഴുതന ഇനി മാച്ചാംതോട് തൊഴുത്തിൻകുന്നിലെ വീടുകളിൽ വിളയും. 'ഒരു വീടിനൊരു വേങ്ങേരി വഴുതന' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ നിന്നും കൊണ്ടുവന്ന തൈകൾ ഈ ഭാഗത്തെ വീടുകളിൽ വിതരണം ചെയ്യും.
വേങ്ങേരിയുടെ സ്വന്തം പാമ്പ് വഴുതനയായ ഇത് അരമീറ്ററോളം നീളം വരും. കേരള കാർഷിക സർവകലാശാലയുടെ പ്രത്യേക പരിഗണനയുള്ള മുന്തിയ ഇനമായ കടുംവയലറ്റ് നിറമുള്ള ഇതിന് ചവർപ്പു രസം കുറവാണ്. സ്റ്റാർച്ചിന്റെയും കൊഴുപ്പിന്റെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും കലവറയാണിത്.
താരതമ്യേന ഉയരക്കൂടുതലുള്ള ചെടിയാണെങ്കിലും മൂന്നുവർഷം വിളവെടുപ്പ് സാദ്ധ്യമാകുന്നതിനാൽ അടുക്കളത്തോട്ടത്തിലേക്ക് ഉചിതമാണ്. രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. ഒരു സീസണിൽ മാത്രം ചെടിയൊന്നിന് ശരാശരി 1.75 കി.ഗ്രാം ഉത്പാദനം ഉണ്ടാകും.
വഴുതന തൈ വിതരണം തിങ്കളാഴ്ച വൈകീട്ട് നാലിന് പഞ്ചായത്തിലെ മുതിർന്ന കർഷകൻ മാണിക്കത്ത് ദാമോദരൻ നായർ നിർവഹിക്കും. പഞ്ചായത്തംഗം എം.രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. കൃഷി ഓഫീസർ എസ്.ശാന്തിനി ക്ലാസ് നയിക്കും. ഉബൈദുള്ള എടായ്ക്കൽ, പരമേശ്വരി വിജയ് എന്നിവർ പങ്കെടുക്കും.