പാലക്കാട്: കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്കൊഴുകുന്ന പ്രധാന വഴിയാണ് പാലക്കാടൻ ഇടനാഴി. വാളയാർ, ഗോപാലപുരം, ഗോവിന്ദാപുരം എന്നിവിടങ്ങളിലൂടെയാണ് ലഹരിവസ്തുക്കൾ കേരളത്തിലേക്കെത്തുന്നത്. രണ്ടുമാസത്തിനിടെ എക്‌സൈസ് കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തതും പാലക്കാടു ജില്ലയിലാണ്.
വാളയാർ ഉൾപ്പെടെയുള്ള ഈ വഴികളിലൂടെയാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നത് ഒഡീഷയിലും ആന്ധ്രയിലും കൃഷിചെയ്തുണ്ടാക്കുന്ന ലഹരി വസ്തുക്കൾ തമിഴ്‌നാട്ടിലെത്തിച്ചാണ് ഇതുവഴി കേരളത്തിലേക്ക് കടത്തുന്നത്. ഈ വർഷം ഇതുവരെ 91 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട്, മണ്ണാർക്കാട്, കൊല്ലങ്കോട്, ഷൊർണൂർ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ രണ്ടാഴ്ചയായി ലഹരി വേട്ട വ്യാപകമായിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് അട്ടപ്പാടി ഉൾവനത്തിൽ നിന്ന് 408 കഞ്ചാവ് ചെടികളാണ് അധികൃതർ വെട്ടിനശിപ്പിച്ചത്. തമിഴ്‌നാട്ടിൽ നിന്നും സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നതിന്റെ ഇടനാഴിയായി മാറിയിരിക്കുകയാണ് മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാനപാത. പിടിയിലാകുന്നവരിൽ കൂടുതലും യുവാക്കളാണെന്നും സ്കൂൾ, കോളേജ് എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
.കഴിഞ്ഞ ദിവസം വരെ പിടിച്ചെടുത്ത ലഹരി വസ്തുക്കൾ
. കഞ്ചാവ് - 77.62 കിലോ
. കഞ്ചാവ് ചെടി - 408 എണ്ണം
. നിരോധിത ലഹരി ഗുളികകൾ - 877 എണ്ണം
. ഹാൻസ് - 516 കിലോ
. ജില്ലയിൽ എക്സൈസ് വകുപ്പിന്റെ ഒരു സ്‌പെഷ്യൽ സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. അതിക സ്‌ക്വാഡുകൾ ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളിലും രൂപീകരിക്കും. നിലവിൽ രാത്രികാല പരിശോധന ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്.
വി.പി.സുലേഷ്‌കുമാർ,
ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, പാലക്കാട്.
.പിടികൂടുന്ന കഞ്ചാവുകൾ നേരെ കോഴിക്കോട്ടേക്ക്
ജില്ലയിൽ നിന്ന് എക്‌സൈസ് - പൊലീസ് സംഘങ്ങൾ പിടികൂടുന്ന കഞ്ചാവുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളെല്ലാം പ്രതികൾക്കൊപ്പം കോടിതിയിൽ ഹാജരാക്കി സാമ്പിൾ എടുത്തശേഷം കോഴിക്കോടുള്ള എ.ആർ.ക്യാമ്പിൽ സൂക്ഷിക്കും. പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ കോടതി ഉത്തരവ് പ്രകാരം ജില്ലയിലെ ഡിസ്‌പോസൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരിക്കുന്നവ കത്തിച്ച് നശിപ്പിക്കും. മൂന്ന് മാസമാണ് സൂക്ഷിക്കുന്നതിന്റെ കാലാവധി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, അസിസ്റ്റന്റ് കമ്മിഷണർ, സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്നതാണ് ഡിസ്‌പോസൽ കമ്മിറ്റി.