പാലക്കാട്: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ക്ഷീരമേഖലയിലെ കർഷകർക്കായി ജില്ലയിൽ ഇതുവരെ 82.55 ലക്ഷത്തിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കി. ക്ഷീരവികസന രംഗത്ത് പ്രളയാനന്തര പുനർനിർമാണ പ്രവൃത്തികൾക്കായി 1.62 കോടി അനുവദിച്ചതിൽ ഭൂരിഭാഗവും കർഷകർക്ക് ധനസഹായത്തിനും ക്ഷേമപ്രവർത്തികൾക്കുമാണ് ചെലവഴിച്ചത്. ബാക്കി തുക വിനിയോഗിച്ച് വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികൾ ഫെബ്രുവരി അവസാനവാരത്തോടെ പൂർത്തീകരിക്കുമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപൂട്ടി ഡയറക്ടർ പി.എ ബീന അറിയിച്ചു.

പ്രളയത്തിൽ ജില്ലയിലെ ക്ഷീരമേഖലയിൽ 2.43 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. 88 പശുക്കൾ, 25 കിടാരികൾ, 14 പശുക്കുട്ടികൾ, രണ്ട് എരുമകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. 332 ഓളം തൊഴുത്തുകൾക്ക് കേടുപാട് സംഭവിച്ചും ചിലത് പൂർണമായി നശിച്ചു. ഈ ഇനത്തിൽ 1.18 കോടിയുടെ നഷ്ടം ഉണ്ടായി. ഹെക്ടർ കണക്കിന് തീറ്റപ്പുല്ല്, ഉണക്കപ്പുല്ല്, 987 ബാഗ് ക്യാറ്റിൽ ഫീഡ് എന്നിവയും നശിച്ചു.
കർഷകരുടെ നഷ്ടം നികത്തുന്നതിന് ക്ഷീര വികസന വകുപ്പിന്റെ സ്പെഷൽ റീഹാബിലിറ്റേഷൻ പദ്ധതി മുഖേന 130 ക്ഷീര കർഷകർക്ക് പശുകളെ നൽകി. നിലവിൽ 50 കാലിത്തൊഴുത്തുകളുടെയും ഒമ്പത് ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെയും നിർമാണ- പുനർനിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. പ്രളയ ദുരിത ബാധിതരുടെ പശുക്കൾക്ക് കാലിത്തീറ്റ വാങ്ങുന്നതിന് ചാക്കൊന്നിന് 700 രൂപ വീതം 32.20 ലക്ഷം നൽകി. ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ക്ഷീരസഹകരണ സംഘങ്ങൾ മുഖേന ആറ് ലക്ഷം സമാഹരിച്ചതിൽ 33 കർഷകർക്ക് കാലിത്തൊഴുത്ത് നിർമാണത്തിനുളള തുകയും വിതരണം ചെയ്തു. സഹകരണ സംഘങ്ങൾ പിരിച്ചെടുത്ത ബാക്കി തുക പ്രളയ ദുരിതത്തിൽപ്പെട്ട മറ്റു ജില്ലകളിലെ ക്ഷീരകർഷകർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.