പാലക്കാട്: കർഷക പ്രതിഷേധം വകവെക്കെതെ ആലത്തൂരിലെ കാവശേരി, ആറാപുഴ, വെങ്ങന്നൂർ പ്രദേശത്ത് പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. കൊച്ചി - സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ നേരിട്ട് എത്തിയാണ് പൈപ്പ് ലൈൻ സ്ഥാപിക്കലിന് നേതൃത്വം നൽകുന്നത്.

കൃഷി നശിപ്പിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാനാവില്ലെന്ന നിലപാടണ് പ്രദേശത്തെ കർഷകർ.

രണ്ടാംവിള കൊയ്ത്തിനുശേഷം വയലുകൾ മൂന്നുമാസത്തോളം തരിശിടുന്ന സമയത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ ചെയ്യാനാണ് കർഷകർക്ക് ലഭിച്ച നിർദ്ദേശം. പക്ഷേ, കമ്പനി അധികൃതർ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ പദ്ധതിക്കായുള്ള ജോലികൾ അടിയന്തരമായി പൂർത്തിയാക്കുമെന്ന നിലപാടിലാണ്. നിലവിൽ കിലോമീറ്ററുകളോളം വിളവെടുപ്പിന് പാകമായ നെൽകൃഷി നശിപ്പിച്ചാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ മുന്നോട്ട് പോകുന്നത്.

കമ്പനിയുടെ വാദങ്ങളിങ്ങനെ: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന പൈപ്പ് ലൈനുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും സംയുക്ത സംരംഭമാണ് കൊച്ചി - സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്. ഉപയോഗാവകാശ നിയമപ്രകാരം ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പ് ലൈൻ സ്ഥാപിക്കാൻ വീണ്ടും നഷ്ടപരിഹാരം നൽകേണ്ടതില്ല. മാനുഷിക പരിഗണനമൂലം സാന്ത്വന പ്രതിഫലമായി നെൽക്കൃഷിക്ക് സെന്റിന് 3,761 രൂപ നൽകും. ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തിൽ ഒമ്പത് മീറ്ററിന് ആനുപാതികമായി 20 ശതമാനം തുകയും നൽകും. കർഷകർ രേഖകൾ ഹാജറാക്കുന്ന മുറയ്ക്ക് തുക നൽകുമെന്നും അധികൃതർ പറയുന്നു.

ഫോട്ടോ: പാചക വാതക പൈപ്പ് ലൈനിന് വേണ്ടി വിളവെടുപ്പിന് പാകമായ നെൽകൃഷി നശിപ്പിച്ച നിലയിൽ.
വെങ്ങന്നൂരിൽ നിന്നുള്ള കാഴ്ച