cooler
ഹംസ നിർമ്മിച്ച ശീതികരണ ഉപകരണം

പാലക്കാട്: വേനൽ കനത്തതോടെ ഏസിയും ഫാനുമില്ലാതെ വീട്ടിലും ഓഫീസുകളിലും ഇരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. കുറഞ്ഞ ചെലവിൽ ഏ.സിയും ഫാനും വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് ഒരു നല്ലവാർത്ത, കുറഞ്ഞ ചെലവിൽ വീട് ശീതീകരിക്കാനുള്ള വിദ്യയുമായി ഒരു പ്രവാസി മലയാളിയുണ്ട്. ഞാങ്ങാട്ടിരി കാക്കരാത്ത് പടി കല്ലം വീട്ടിൽ ഹംസ.

28 വർഷം സൗദിയിലായിരുന്ന 61 കാരനായ ഹംസ ഇടയ്ക്ക് വീട്ടിൽ വരുമ്പോൾ ചൂടിൽ നിന്ന് രക്ഷനേടാനായി സ്വയം വികസിപ്പിച്ച മാർഗമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരാൾക്ക് പൊക്കത്തിലുള്ള വലിയ പെട്ടിയിൽ, കൂളർ, രാമച്ചം, വെള്ളം എന്നിവയുടെ സഹായത്തോടെയാണ് ഉപകരണം നിർമ്മിച്ചിരിക്കുന്നത്. ഇതിനായി ആശാരിപ്പണി, വയറിംഗ്, വെൽഡിംഗ് എന്നിവ പൂർണമായും ഹംസ തന്നെയാണ് നിർവഹിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഉപകരണം വിജയിച്ചതോടെ കഴിഞ്ഞ 20 വർഷമായി ഹംസയുടെ വീട്ടിൽ ആരും ഫാനും ഏ.സിയും ഉപയോഗിച്ചിട്ടില്ല. ഏ.സിയെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗവും കുറവായതിനാലും ഹംസയുടെ ഈ സംവിധാനത്തിന് 24 മണിക്കൂറും വീട് മുഴുവൻ തണുപ്പ് നൽകാനാവുമെന്നതിനാലും ആവശ്യക്കാർ ഏറിവരികയാണ്.
ഏ.സി ഉപയോഗിക്കുന്നതിന്റെ ഏഴിൽ ഒന്ന് വൈദ്യുതിയേ ഇതിനാവശ്യമുള്ളൂ എന്നാണ് ഹംസ പറയുന്നത്. പുതിയ വീടുവച്ചവർക്ക് വീടിനോട് ചേർന്ന് ഇത് പ്രവർത്തിപ്പിക്കാം. പുതിയ വീട് നിർമ്മിക്കുന്നവർക്കാവട്ടെ അതിന്നുള്ളിൽ തന്നെ സൗകര്യമൊരുക്കാം.