ചെർപ്പുളശ്ശേരി: ചളവറയിൽ കനറാ ബാങ്കിന്റെ എ.ടി.എം തകർത്ത് കവർച്ചാശ്രമം. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എ.ടി.എമ്മിന്റെ മുന്നിലെ ഇരുമ്പുപാളി തകർത്ത നിലയിലായിരുന്നു. പക്ഷേ, പണം നഷ്ടമായിട്ടില്ല. പൊലീസിന്റെ രാത്രികാല പരിശോധനയിലാണ് എ.ടി.എം തകർത്ത നിലയിൽ കണ്ടത്. മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ ഇവിടെയുള്ള സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖംമറച്ച് ലുങ്കിമുണ്ടും ഷർട്ടും ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്. ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം ആരംഭിച്ചതായി ചെർപ്പുളശ്ശേരി എസ്.ഐ സി.കെ.രാജേഷ് അറിയിച്ചു.