അലനല്ലൂർ: വർണാഭമായ കാഴ്ചശീവേലിയോടെ തട്ടകത്തെ ഹരം കൊള്ളിച്ച് അലനല്ലൂർ അയ്യപ്പൻകാവ് താലപ്പൊലി സമാപിച്ചു. തെച്ചിക്കോട്ട് നരസിംഹമൂർത്തി ക്ഷേത്രം മുതൽ അയ്യപ്പൻകാവുവരെ രണ്ട് കിലോമീറ്റർ നഗരത്തിൽ എട്ട് ഗജവീരന്മാരുടെ അകമ്പടിയോടെ പൂതനും തിറയും ചെണ്ടയും പൂക്കാവികളും മറ്റു കലാരൂപങ്ങളും പൂരക്കാരും നിറഞ്ഞാടി. രാവിലെ 8 മണിക്ക് പട്ടല്ലൂർ മനയിൽ നിന്നും പഞ്ചാരിമേളത്തോടു കൂടിയുള്ള എഴുന്നള്ളിപ്പോടെയാണ് താലപ്പൊലി ആരംഭിച്ചത്. ആശുപത്രിപ്പടിയിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം നടന്നു. ദേവസ്വം എഴുന്നള്ളിപ്പിനോടൊപ്പം കൂമഞ്ചിറ, നെന്മിനിശ്ശേരി, കണ്ണംകുണ്ട്, കലങ്ങോട്ടിരി, കാര, തെച്ചിക്കോട് ക്ഷേത്ര കമ്മറ്റി എന്നിവരുടെ എഴുന്നള്ളിപ്പുകളും ടൗണിൽ സംഗമിച്ചു. രാത്രി 9 മണിക്ക് പോരൂർ ഉണ്ണികൃഷണനും കല്ലൂർ ഉണ്ണികൃഷ്ണനും ചേർന്നുള്ള ഡബിൾ തായമ്പകയും 12 മണിക്ക് സുധീർ മാടക്കത്തിന്റെ മാജിക് സിൽസിലയും നടന്നു.