മണ്ണാർക്കാട്: ദേശീയ പാതയിൽ തച്ചമ്പാറ ചൂരിയോട് കെ.എസ്.ആർ.ടി.സിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന തൃശൂർ സ്വദേശികളായ രണ്ടുപേർ മരിച്ചു. തൃശൂർ ഒല്ലൂർ അഞ്ചേരി കാട്ടൂക്കാരൻ ജോപോൾ (46), പൂത്തോൾ കാൽവരി ചർച്ചിന് എതിർവശം കുരുതികുളങ്ങര വർഗീസിന്റെ മകൻ ആന്റണി (45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു അപകടം. കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സിയും മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന മാരുതി ഇക്കോ കാറുമാണ് കൂട്ടിയിടിച്ചത്. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. രണ്ടുപേരും തത്ക്ഷണം മരിച്ചു. ബസിന്റെ മുൻഭാഗവും തകർന്നു. വിതരണത്തിനായുള്ള ഓയിൽ ആണ് കാറിൽ ഉണ്ടായിരുന്നത്. ഓയിൽ വിതരണ കമ്പനിയിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരുമെന്നാണ് വിവരം. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ് : അമ്മിണി, ഭാര്യ: ബിനി (അദ്ധ്യാപിക. ദേവമാതാ സ്‌കൂൾ തൃശൂർ) മക്കൾ: നോറ, നോർബെ. സംസ്‌കാരം ഇന്ന് രാവിലെ ഒല്ലൂർ സെന്റ് ആന്റണീസ് ഫോറോന പള്ളി സെമിത്തേരിയിൽ. കല്ലടിക്കോട് പൊലീസ് കേസെടുത്തു.