കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ ധനകാര്യ കമ്മിഷൻ ഫണ്ട് ഭരണസമിതി വകമാറ്റിയെന്നും മിനുട്സിൽ ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ബി.ജെ.പി അംഗങ്ങളായ സുരേന്ദ്രൻ, സുഖില, പ്രദീപ് കുമാർ, ശാന്തി, സതീഷ് എന്നിവരാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കഴിഞ്ഞ ബോർഡ് കൂടിയതിൽ മിനുട്സ് ക്ലോസ് ചെയ്യാതെ പുതിയവ എഴുതിച്ചേർത്തതായും ഗോവിന്ദാപുരത്ത് പഞ്ചായത്ത് കെട്ടിടത്തിന്റെ മുറികൾ പരസ്യമായി ലേലം ചെയ്തത് വൈസ് പ്രസിഡന്റിന്റെ മകന് നൽകാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇതേ കാരണം ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഇന്നലെ ചേർന്ന യോഗം ബഹിഷ്‌കരിച്ചു. 46 ലക്ഷത്തോളം വകമാറ്റി ചെലവാക്കിയെന്നും ഭരണകക്ഷി അംഗകൾക്ക് മാത്രമാണ് വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതെന്നും യു.ഡി.എഫ് അംഗങ്ങൾ കുറ്റപ്പെടുത്തി.
എന്നാൽ, ജനുവരി 22ന് ചേർന്ന ബോർഡ് മീറ്റിംഗിലെ അജണ്ടയിൽ ആദ്യത്തേത് ധനകാര്യ കമ്മിഷൻ ഫണ്ട് ബാക്കി വന്നതായിരുന്നു. ഇത് തുക കമ്മ്യൂണിറ്റി ഹാളിൽ ജനറേറ്റർ സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്കായുള്ള പഠനോപകരണ വിതരണം, കുടിവെള്ള പദ്ധതികളുടെ മെയിന്റനസ്, മൂന്ന് റോഡുകളുടെ കോൺക്രീറ്റിംഗിനും വിനിയോഗിക്കാനും യോഗം താരുമാനിച്ചതായും പഞ്ചായത്ത് സെക്രട്ടറി ജ്യോതി പറഞ്ഞു.