ചെർപ്പുളശ്ശേരി: നഗരത്തെ നിറച്ചാർത്തണിയിച്ച് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. വൈകീട്ട് മൂന്ന് ഗജവീരൻമാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയിൽ കാവുവട്ടത്തു നിന്നും നഗര പ്രദക്ഷിണമായാണ് പകൽപ്പൂരം കാവുകയറിയത്. ശിങ്കാരിമേളം, പുക്കാവടി , തെയ്യം, തിറ കളി, തകിൽ നാദസ്വരം എന്നിവയും പകൽ പൂരത്തിന് മാറ്റേകി. ക്ഷേത്രനടയിൽ വൈകീട്ട് 5 ന് കടമ്പൂർ രാജകുമാറും സംഘവും അവതരിപ്പിച്ച തകിൽ നാദസ്വരം, രാത്രി 7 ന് ഗാനമേള 8 മണിക്ക് പോരൂർ ഉണ്ണികൃഷ്ണൻ ,കല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഇരട്ട തായമ്പക യും ഉണ്ടായി. ഇന്ന് കാളവേല വർണ്ണാഭമായി ആഘോഷിക്കും.
തട്ടകദേശങ്ങളിൽ നിന്നും ദീപാലങ്കാര പ്രഭയിൽ എത്തുന്ന ഇണക്കാളകൾ ഉച്ചക്ക് ശേഷം നഗരത്തിൽ പ്രയാണം തുടങ്ങും. തുടർന്ന് അർദ്ധരാത്രി വരെ കാളയിറക്കം തുടരും.രാവിലെ ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരി പ്പാടിന്റെ കാർമ്മികത്വത്തിൽ പാലും വെള്ളരി നിവേദ്യവും നടക്കും.രാവിലെ 9.30 ന് ഓട്ടൻതുളളൽ ,ഉച്ചക്ക് കഞ്ഞിസദ്യ എന്നിവയും ഉണ്ടാകും. നാളെ താലപ്പൊലിയും ആഘോഷിക്കും.