ചെർപ്പുളശ്ശേരി: മാസങ്ങളായി തകർന്നു കിടക്കുന്ന ചെർപ്പുളശ്ശേരി - പട്ടാമ്പി റോഡിലൂടെയുള്ള യാത്ര അവസാനിപ്പിക്കാനൊരുങ്ങി സ്വകാര്യ ബസുടമകളും തൊഴിലാളികളും. റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 14 മുതൽ ഈ റൂട്ടിലോടുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കുമെന്ന് ബസുടമകൾ അറിയിച്ചു. മുമ്പും റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് ബസുകാർ പണിമുടക്കിനൊരുങ്ങിയിരുന്നെങ്കിലും ഉടൻ പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്ന് പിൻമാറുകയായിയുന്നു.
പ്രളയത്തിനു ശേഷം കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഈ റോഡിൽ നടത്തിയിട്ടില്ല .പൂർണമായും തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ഓരോ ദിവസം ചെല്ലുംതോറും കൂടുതൽ ദുരിതപൂർണമാവുകയാണ്. ബസുകാർക്ക് സമയക്രമം പാലിക്കാൻ കഴിയാത്തതിനു പുറമെ കേടുപാടുകൾ സംഭവിച്ച് വഴിയിൽ നിൽക്കുന്നതും പതിവാണ്. റോഡിന്റെ തകർച്ച കാരണം പല ഭാഗങ്ങളിലും ഗതാഗതക്കുരുക്കും രൂക്ഷമാണ്.
പ്രധാന പാതയായിട്ടും അധികൃതർ ഈ റോഡിനോട് കാണിക്കുന്ന അനാസ്ഥയിൽ ജനരോഷവും ശക്തമായിട്ടുണ്ട്.
വലിയ കുഴികളായി മാറിയ റോഡിലൂടെ ചെറുവാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ചെർപ്പുളശ്ശേരി മുതൽ വല്ലപ്പുഴ ഗേറ്റുവരെയുള്ള എട്ട് കിലോമീറ്റർ ദൂരമാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. റോഡിന്റെ പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗം കഴിഞ്ഞ വർഷം റബ്ബറൈസ് ചെയ്ത് നവീകരിച്ചിരുന്നു. ഷൊർണൂർ മണ്ഡലത്തിലെ ഏറ്റവും മോശമായ റോഡും ഇപ്പോൾ ചെർപ്പുളശ്ശേരി പട്ടാമ്പി റോഡാണ്.