arrest

പാലക്കാട്: കണാതായ വീട്ടമ്മയുടെ മ‌ൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഇവരുടെ അയൽവാസിയായ കുമൻകാട് സ്വദേശി ഷൈജു(32), ബന്ധു വിജീഷ്(30), സുഹൃത്ത് കൊഴിഞ്ഞമ്പാറ കൊഴിഞ്ഞൽപറമ്പ് പി.ഗിരീഷ്(34) എന്നിവരാണ് അറസ്റ്റിലായത്. മാത്തൂർ സ്വദേശിയും സി.പി.എം നേതാവായിരുന്ന സഹദേവന്റെ ഭാര്യയുമായ ഓമനയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം അയൽപക്കത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായായാണ് കൊല നടത്തിയത്. ആഭരണങ്ങൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ മർദ്ദിച്ചതായും ബോധം നഷ്ടപ്പെട്ടപ്പോൾ കെട്ടി ചാക്കിലാക്കിയതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് ഓമനയുടെ ഉടമസ്ഥതയിലുള്ള നെൽപ്പാടം. രാവിലെയും വൈകിട്ടും ഇവർ പാടത്തെത്തും. പ്രതികളുടെ വീടിനപ്പുറം മറ്റു വീടുകളില്ല. ഇവിടെ വച്ചാകാം കൊലപാതകം നടത്തിയതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഓമനയെ കാണാതാതോടെ ബന്ധുക്കളും നാട്ടുകാരും സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. അന്നേ ദിവസം വൈകിട്ട് ഓമനയുടെ ഫോണിൽ ബന്ധപ്പെട്ട മരുമകനോട് ഫോണെടുത്തയാൾ കയർത്ത് സംസാരിച്ചത് ബന്ധുക്കളിൽ സംശയമുണർത്തി. തുടർന്ന് ഞായറാഴ്ച രാവിലെ ഓമനയുടെ കൊച്ചുമകൻ അഭിലാഷിന് ഷൈജുവിന്റെ വീട്ടിനു മുന്നിലെ വെള്ളച്ചാലിൽ നിന്ന് ഓമനയുടെ കുട ലഭിച്ചു.
ഇതിനിടെ ചുങ്കമന്ദത്തെ തുണിക്കടയിൽ രണ്ട് യുവാക്കൾ തുണിവാങ്ങാനെത്തിയ ശേഷം പണത്തിനു പകരം സ്വർണ വള കൊടുക്കാൻ ശ്രമിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കടയുടമ പൊലീസിന് കൈമാറി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവിന്റെ കല്യാണവീട്ടിലായിരുന്ന ഷൈജുവിനെ പിടികൂടിയത്. ആലത്തൂർ ഡിവൈ.എസ്.പി പി.എ.കൃഷ്ണദാസ്, കുഴൽമന്ദം ഇൻസ്‌പെക്ടർ എ.എം.സിദിഖ്, എസ്‌.ഐ അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.