പാലക്കാട്: സ്റ്റാലിനിസ്റ്റ് പാത ഉപേക്ഷിച്ച് ആയുധം താഴെവച്ച് അക്രമം അവസാനിപ്പിച്ചാൽ സിപി.എമ്മുമായി ചർച്ചയാകാമെന്നു പറഞ്ഞാൽ അതിനർത്ഥം സീറ്റ് വിഭജന ചർച്ചയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രയ്ക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യഐക്യം വേണം എന്നു പറഞ്ഞാൽ കമ്മ്യൂണിസ്റ്റുകാരുമായി അധികാരം പങ്കുവക്കലല്ല. കമ്യൂണിസ്റ്റുകാരുടെ ഒരു വോട്ടും കോൺഗ്രസിനു വേണ്ട. രാജ്യം നിരാകരിച്ച പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി.
സബ് കളക്ടർ രേണു രാജിനെ അപമാനിച്ച ദേവികുളം എം.എൽ.എയെ രാജിവെപ്പിക്കുക മാത്രമല്ല നിമയത്തിനു മുന്നിൽ കൊണ്ടുവരാനും സി.പി.എം തയാറാവണം. ദേവികുളം എം.എൽ.എ സത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ രാജി വെക്കുക്കുകയാണെന്നങ്കിൽ സി.പി.എമ്മിന്റെ മന്ത്രിമാർ ഉൾപ്പടെ അര ഡസൺ ആളുകൾ രാജിവെക്കേണ്ടി വരും.
നവോത്ഥാനമൂല്യങ്ങളെ കുറിച്ചും ലിംഗ സമത്വത്തെപ്പറ്റിയും സംസാരിക്കുന്ന സി.പി.എമ്മിന് നിലപാടുകളില്ല. രാജ്യം ദുർഘടമായ അവസ്ഥയിൽ മുന്നോട്ട് പോകുമ്പോൾ ഒന്ന് പ്രതികരിക്കാൻ പോലും കെൽപ്പില്ലാത്ത പാർട്ടിയായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വനിതാ മതിൽ കെട്ടിയത് കൊണ്ടും സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചു സംസാരിച്ചത് കൊണ്ടും മാത്രമായില്ല. പാർട്ടിയിലെ സ്ത്രീ പീഡകർക്കെതിരെ നടപടിയെടുക്കാതെ കോടികൾ പിരിച്ചു മതിൽ കെട്ടാൻ തയാറായ പിണറായി വിജയൻ ഒരു മതിലിനകത്ത് ഇത്തരം നേതാക്കളെ പിടിച്ചിരുത്തി രാഷ്ട്രീയ വിദ്യാഭ്യാസവും സംസ്‌ക്കാരവും പഠിപ്പിച്ചു നൽകണമെന്ന് മുല്ലപ്പളളി ആവശ്യപ്പെട്ടു.