athma
തച്ചമ്പാറ ആത്മ സൊസൈറ്റി

മണ്ണാർക്കാട്: ജില്ലയിലെ ഏറ്റവും മികച്ച കർഷക സംഘത്തിനുള്ള ആത്മ അവാർഡ് തച്ചമ്പാറ ആത്മ സൊസൈറ്റിക്ക്. 23ന് പാലക്കാടുവച്ച് നടക്കുന്ന കിസാൻ മേളയിൽ അവാർഡ് വിതരണം ചെയ്യും.

പഞ്ചായത്തിൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് 2013ൽ രൂപീകരിച്ച ആത്മ സൊസൈറ്റിയാണ്. കർഷകരുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങാനും വില്ക്കാനുമായി ഇക്കോഷോപ്പും ഗുണനിലവാരമുള്ള വിത്തുകളും വളങ്ങളും കർഷകർക്ക് ലഭ്യമാക്കാൻ കർഷക സേവന കേന്ദ്രവും തുടങ്ങിയത് ഇതിന് കീഴിലാണ്. കൃഷിയിടങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് എടുത്ത് വില്പന നടത്താൻ മൊബൈൽ ഇക്കോഷോപ്പും കർഷകർ നേരിട്ട് നടത്തുന്ന ഗ്രാമീണ ചന്തയും തച്ചമ്പാറയിലുണ്ട്.
കേരളത്തിൽ ആദ്യമായി ചെറുതേനീച്ച കർഷക കൂട്ടായ്മ നിലവിൽ വന്നത് തച്ചമ്പാറയിലാണ്. നൂറിലേറെ കർഷകരാണ് ഇവിടെ തേൻ വളർത്തലിൽ ഏർപ്പെട്ടിരിക്കുന്നത്. പാഷൻ ഫ്രൂട്ടിന്റ ഏറ്റവും പുതിയ ഇനമടക്കം ഇവിടെ ആത്മയുടെ മേൽനോട്ടത്തിൽ വിളയുന്നുണ്ട്.
കർഷിക മേഖലയിലെ വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളിൽ എത്തിക്കാൻ കൃഷി ഭവന്റെ കീഴിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ, ഫെയ്‌സ്ബുക്ക്, ടെലഗ്രാം, ട്വിറ്റർ തുടങ്ങി സോഷ്യൽ മീഡിയയുടെ എല്ലാ സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കുന്നു. കൃഷി ഒരു സംസ്‌കാരമായി കരുതുന്ന പ്രദേശത്തെ കർഷകർ കൃഷിയിടങ്ങളിൽ നിന്നും അന്യം നിന്നുപോകുന്ന ധാരാളം വിളകൾ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കുള്ളിൽ മടക്കി കൊണ്ടുവന്നു എന്നത് ശ്രദ്ധേയമാണ്. ഗുണമേൻമയേറിയ നടീൽ വസ്തുക്കൾ കർഷകർക്ക് ലഭ്യമാക്കാൻ കാർഷിക നഴ്‌സറിയും നീര ഔട്ട് ലൈറ്റും സംഘത്തിന് കീഴിലുണ്ട്. എല്ലാ മാസവും ആത്മയുടെ എക്‌സിക്യുട്ടിവ് യോഗം കൂടി പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതെല്ലാം പരിഗണിച്ചാണ് അവാർഡ് നൽകാൻ ജ്യൂറി തീരുമാനിച്ചത്.