പാലക്കാട്: വലതുകനാൽ വഴി 14 ദിവസംകൂടി മലമ്പുഴ വെള്ളം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കർഷകർ എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. മലമ്പുഴഡാമിൽ നിന്നുള്ള ജലസേചനം നാളെ നിർത്താനിരിക്കെയാണ് കർഷകർ പ്രതിഷേധിച്ചത്. ഇടതുകനാൽ തുറന്ന് 14 ദിവസങ്ങൾക്ക് ശേഷമാണ് വലത് കനാൽ തുറന്നത്. ഇതുമൂലം വലതുകനാൽ പരിധിയിൽ ഉൾപ്പെട്ട അകത്തേത്തറ, പുതുപ്പരിയാരം,
മുണ്ടൂർ, പറളി, മങ്കര എന്നിവിടങ്ങളിൽ കൃഷിയിറക്കുവാൻ വൈകി. നെൽക്കതിർ വരുന്നതിനിടെ ജലസേചനം നിർത്തിയാൽ കൃഷിയുണങ്ങാൻ കാരണമാകും. ഇതേതുടർന്നാണ് ഈ മാസം 28 വരെ ഇടവിട്ട് വെള്ളം തുറക്കണമെന്നാവശ്യപ്പെട്ട് കർഷകർ മലമ്പുഴ എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചു. ഇന്ന് ഉച്ചയക്കുശേഷം നടക്കുന്ന ഉപദേശക സമിതി യോഗത്തിനുശേഷമാണ് തീരുമാനം ഉണ്ടാവുകയെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ വ്യക്തമാക്കി. പ്രളയത്തെ തുടർന്ന് അകത്തേത്തറ പപ്പാടിയിൽ വലതുകനാലിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇത് പുനർനിർമ്മിക്കുന്നതിന് നേരിട്ടകാലതാമസമാണ് കർഷകർക്ക് തിരിച്ചടിയായത്. കർഷകരായ പാണ്ടിയോട് പ്രഭാകരൻ, ശ്രീജിത്ത്, സുരേഷ്, രാജൻ, എം.വി. രാധാകൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.