ആലത്തൂർ: കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്ത് യന്ത്രങ്ങൾ മൂന്നാം വർഷവും വയലേലകളിലേക്ക്. അന്യസംസ്ഥാന കൊയ്ത്ത് വണ്ടികൾ കർഷകരിൽ നിന്നും കൂടിയ നിരക്ക് ഈടാക്കുന്നത് തടയാൻ കെ.ഡി.പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് രണ്ടുവർഷം മുമ്പ് കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്.

ഈ വർഷം നിറ ഹരിതമിത്ര സംഘമാണ് യന്ത്രങ്ങൾ ലഭ്യമാക്കുക. വൈക്കോൽ കിട്ടുന്ന, ചെളിയിൽ ഇറങ്ങാത്ത ടയർ വണ്ടിക്ക് അന്യസംസ്ഥാന ലോബി 1600 രൂപയാണ് ഈടാക്കുന്നത്. സംഘം വഴി 1400 രൂപയ്ക്ക് ലഭ്യമാവും 2200 രൂപ വാങ്ങുന്ന ബെൽട്ട് വണ്ടിക്ക് 2000 രൂപ മാത്രമാണ് സംഘം മുഖാന്തിരം നൽകേണ്ടി വരുക.

ചെളിയിൽ ഇറങ്ങുന്ന വൈക്കോൽ കിട്ടുന്ന കർത്താർ, വൈക്കോൽ കിട്ടാത്ത ക്ലാസ് എന്നീ യന്ത്രങ്ങൾ 2200 രൂപ നിരക്കിൽ ലഭ്യമാക്കുമ്പോൾ 2400 രൂപ വരെ ലോബി വാങ്ങുന്നുണ്ട്. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറും ലഭ്യമാവും. ഇതിന് 28 രൂപയാണ്. 30 മുതൽ 35 വരെയാണ് പൊതുനിരക്ക്. ഇതുമൂലം മണ്ഡലത്തിൽ 6600 ഹെക്ടറിലായി 13000 നെൽകർഷകർക്ക് 33 ലക്ഷം രൂപയോളം ലാഭം ഉണ്ടാക്കാൻ കഴിയും.

കൃഷി വകുപ്പിന് കീഴിലെ മലമ്പുഴ കൃഷി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലെ ക്ലാസ്, കുബോട്ട കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാക്കാനും ഇടപെടുന്നുണ്ട്. കുറഞ്ഞ നിരക്കിൽ യന്ത്രങ്ങൾ ആവശ്യമുള്ളവർ ആലത്തൂർ ഫുവാദ് 9447277042, എരിമയൂർ ബാബു 9446291400, കുഴൽമന്ദം ആറുണ്ണി8606833094, തേങ്കുറിശ്ശി സുനിൽ 9747473342, കിഴക്കഞ്ചേരി സുന്ദരൻ 8547130147, വണ്ടാഴി സന്തോഷ് 9446639041, മേലാർകോട് സുധാകരൻ 9846298970 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.