ഒറ്റപ്പാലം: സംസ്ഥാന സർക്കാരിന്റെ പൊലീസ് റോഡ് സേഫ്ടി പ്രൊജക്ടിന്റെ ഭാഗമായി കൂനത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്ന ഇലക്ട്രോണിക്ക് ട്രാഫിക് പാർക്ക് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. 33 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.
സ്‌കൂളിന്റെ 20 സെന്റ് സ്ഥലത്ത് നിർമ്മിച്ച പാർക്കിൽ 100 മീറ്ററോളം ടാർ ചെയ്ത റോഡും സിഗ്‌നൽ സംവിധാനങ്ങളുമുണ്ട്. റോഡിലൂടെ യാത്ര ചെയ്യുമ്പോഴും, വാഹനം ഓടിക്കുമ്പോഴും ശ്രദ്ധിക്കേണ്ട നിയമങ്ങളെ കുറിച്ച് ബോധവത്കരണം നൽകലാണ് പദ്ധതിയുടെ ലക്ഷ്യം. സിഗ്‌നൽ ലൈറ്റുകൾ, റോഡ് സുരക്ഷാ ബോർഡ്, സീബ്രാലൈൻ, ഹമ്പ് എന്നിങ്ങനെ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാർക്കിന്റെ ഭാഗമാണ്. കൂനത്തറ നഗരത്തിന്റെ മാതൃകയിലാണ് പാർക്കിന്റെ നിർമ്മാണം. തികച്ചും പൊലീസ് നിയന്ത്രണത്തിലായിരിക്കും പ്രവർത്തനം.
സൗരോർജം ഉപയോഗിച്ചാണ് പാർക്കിന്റെ മുഴുവൻ പ്രവർത്തനവും ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ റോഡ് സിഗ്‌നലുകളെ കുറിച്ച് വിശദമായി പഠിക്കാൻ വീഡിയോ പോസ്റ്ററുകളും മറ്റും പ്രദർശിപ്പിക്കുന്നതിന് എൽ.സി.ഡി സ്‌ക്രീനോട് കൂടിയ ഇലക്ട്രോണിക് ട്രാഫിക് ക്ലാസ് റൂം സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള ജനറൽ പാർക്കിൽ കളിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ചലച്ചിത്ര താരം മോഹൻലാലാണ് പദ്ധതിയുടെ അംബാസഡർ.
കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ട്രാഫിക് ബോധവത്കരണം നടത്തി വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു പദ്ധതി വിഭാവനം ചെയ്തത്. നിലവിൽ പാലക്കാടിന് പുറമേ വയനാട്, കണ്ണൂർ ജില്ലകളിലും ട്രാഫിക് പാർക്കുകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും മുൻകൂർ അനുമതിയോടെ പാർക്ക് സന്ദർശിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പദ്ധതി വിജയകരമായാൽ മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഈ മാസം അവസാനം ഉദ്ഘാടനം നടക്കുമെന്നാണ് അധകൃതർ പറയുന്നത്.
അടിക്കുറിപ്പ്: കുനത്തറ ജി.വി.എച്ച്.എസ്.എസിൽ ഉദ്ഘാടനത്തിന് തയ്യാറായ ശുഭയാത്രാ ഇലക്ട്രോണിക് പാർക്ക്