പാലക്കാട്: ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, മത്സരിക്കുന്നവരെ വിജയിപ്പിക്കുകയാണ് ഇനിയുള്ള പ്രവർത്തനമെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ പറഞ്ഞു. ദേശീയ കള്ള് ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സമ്മേളനം പാലക്കാട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പ്രായമായാൽ രാഷ്ട്രീയ രംഗത്ത് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഒഴിവാക്കി പുതിയ ആളുകൾക്ക് അവസരം നൽകുന്നതാണ് ശരിയായ രീതി. ഭരണം അറിയാവുന്ന കഴിവും വിവരമുള്ള സ്ഥാനാർത്ഥികളെ നിർത്തി കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അതിനുവേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കള്ളുചെത്ത് വ്യവസായ മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകാൻ ഇനിയും രണ്ടുവർഷം കാത്തിരിക്കേണ്ടി വരും. 1957ന് ശേഷം പിണറായി സർക്കാരിനെപോലെ ഇത്രയും പാപ്പരായ സർക്കാർ ഉണ്ടായിട്ടില്ല. സാമ്പത്തിക മാന്ദ്യം മാത്രമേ ഈ സർക്കാരിനുള്ളുയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും കള്ളുചെത്ത് വ്യവസായ മേഖല നിലനിൽക്കാനും കോൺഗ്രസ് പാർട്ടി ശക്തമായി തിരിച്ചുവന്നേ പറ്റൂ. അതിന് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ചിങ്ങന്നൂർ മനോജ്, പി.ജി.ദേവ്, ആർ.വേലായുധൻ, തൊടിയൂർ രാമചന്ദ്രൻ, കെ.അപ്പു, കെ.കെ.പ്രകാശൻ, കെ.കെ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.