പാലക്കാട്: കഴിഞ്ഞമാസം 15ന് ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ പരിസരത്ത് ബാലികയുടെ ശരീരഭാഗങ്ങൾ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘം. സംഘത്തിലെ രണ്ടുപേരെ പാലക്കാട് ടൗൺ നോർത്ത് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, തിരുവള്ളുവർ, പടിയനല്ലൂർ സ്വദേശി സുരേഷ് (37), തഞ്ചാവൂർ പട്ടുകോട്ടൈ, മല്ലിപട്ടണം സ്വദേശി ഫെമിന പിച്ചൈക്കനി (21)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
സംഭവത്തെ കുറിച്ച് പ്രതികളുടെ വിശദീകരണം:
ജനുവരി ആദ്യവാരം രണ്ട് പുരുഷന്മാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം തിരുച്ചിറപ്പള്ളി കുളിത്തലൈ എന്ന സ്ഥലത്തുനിന്ന് 4 വയസുകാരിയെ പാലക്കാട്ടേക്ക് തട്ടിക്കൊണ്ടുവന്നു. താണാവ് മേൽപ്പാലത്തിനടിയിൽ താമസമാക്കിയ സംഘം ഒരാഴ്ചയോളം ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഭിക്ഷാടനം നടത്തി.
12ന് രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേർന്ന് എഫ്.സി.ഐ ഗോഡൗണിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിക്കാതിരിക്കാൻ വായ പൊത്തിപ്പിടിച്ചതിൽ ശ്വാസംമുട്ടി കുട്ടി മരിച്ചു. മരണം ഉറപ്പുവരുത്താൻ കുട്ടിയുടെ പാന്റുകൊണ്ട് കഴുത്തിൽ മുറുക്കി. പിന്നീട് കൂടെയുള്ളവർ ചേർന്ന് മൃതദേഹം ബാഗിലാക്കി റെയിൽവേ ട്രാക്കിനരുകിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്നുതന്നെ സംഘം രണ്ടായി പിരിഞ്ഞ് പാലക്കാട് വിട്ടു. മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയിൽപ്പെട്ടത്.
കേസ് തെളിഞ്ഞത് ഇങ്ങനെ:
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ മുൻകൈയെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ഡിവൈ.എസ്.പി ജി.ഡി.വിജയകുമാറിനായിരുന്നു മേൽനോട്ട ചുമതല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ടൗൺ നോർത്ത് ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ കാണാതായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. അംഗൺവാടി ജീവനക്കാർ, റെയിൽവേ ജീവനക്കാർ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ, കച്ചവടക്കാർ, ട്രാൻസ്‌ജെൻഡേഴ്‌സ് തുടങ്ങി 500 ഓളംപേരെ ചോദ്യം ചെയ്തു. ഈ സമയത്താണ് ഒലവക്കോട് ആർ.പി.എഫ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെ.കെ.സൂരജ് ഭിക്ഷാടന സംഘത്തെയും കൂടെയുണ്ടായിരുന്ന ബാലികയെയും കുറിച്ചുള്ള നിർണായക വിവരം അന്വേഷണ സംഘത്തിന് കൈമാറിയത്.
തുടർന്ന് നടത്തിയ അന്വേഷത്തിനൊടുവിൽ തിരിപ്പൂർ റെയിൽവേ സ്റ്റേഷനടിത്തുള്ള മുസ്ലീം പള്ളിക്കു സമീപത്തുനിന്നാണ് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ടുപോകൽ, ബലാൽസംഘം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്രിലായ സുരേഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ടൗൺ നോർത്ത് എസ്.ഐമാരായ ആർ.രഞ്ജിത്ത്, ആർ.രാജേഷ്, എ.എസ്.ഐ കെ.സതീഷ് കുമാർ, എം.ഷിബു, എസ്.സജീന്ദ്രൻ, വനിതാ പൊലീസുകാരിയ ടി.വി.അമ്പിളി, എം.കവിത, ഡ്രൈവർ പ്രദീപ് കുമാർ, പി.എച്ച്.നൗഷാദ്, എസ്.സന്തോഷ് കുമാർ, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്.ജലീൽ, ജയകുമാർ, ബിനസീറലി, ആർ,കിഷോർ, എം,സുനിൽ, ആർ.വിനീഷ് , ആർ.രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
* മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
തമിഴ്‌നാട്ടിലെ കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് കുട്ടിയെ ഭിക്ഷാടനസംഘം തട്ടിക്കൊണ്ടുവന്നത്. കൂട്ടുപ്രതികളെ കൂടി പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. മൃതദേഹം തിരിച്ചറിയുന്നതിന് പൊലീസ് സമൂഹ മാദ്ധ്യമത്തിലൂടെ സഹായം തേടിയിരിക്കുകയാണ്.