പാലക്കാട്: റേഷൻ കാർഡ് രണ്ടാംഘട്ട പരിശോധനയുടെ ഭാഗമായി അനർഹമായി മുൻഗണനാ കാർഡ് കൈവശം വെച്ചിരുന്ന 9047 കാർഡുടമകളെ പൊതു വിഭാഗത്തിലേക്ക് മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ.അജിത്കുമാർ അറിയിച്ചു.

23,458 ഉപഭോക്താക്കളെ മുൻഗണനാ വിഭാഗത്തിലും 1733 ഉപഭോക്താക്കളെ അന്ത്യോദയ അന്നയോജന വിഭാഗത്തിലും ഉൾപ്പെടുത്തി. 2018 ജൂൺ മുതലുള്ള കണക്കാണിത്. ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ ഉൾപ്പെട്ട മുന്നൂറോളം പൊതുവിഭാഗം കാർഡുകൾ അന്ത്യോദയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയിലെ പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം പൂർത്തിയാക്കി. തീർപ്പാക്കിയ 85553 അപേക്ഷകളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കാംപ് നടത്തി വിതരണം പൂർത്തിയാക്കുകയും ചെയ്തു.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് പുതിയ മുഖവും ലോഗോയും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 943 റേഷൻകടകളിൽ 754 ഓളം കടകളുടെ നവീകരണം പൂർത്തിയായി. കടകളുടെ ഉൾവശം വെള്ളപൂശുകയും പുറംഭാഗത്ത് ഷട്ടറിൽ വെള്ള പ്രതലത്തിൽ ചുവപ്പും പച്ചയും ബോർഡറും താഴെയായി പൊതുവിതരണവകുപ്പ് ലോഗോയും കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രമെന്ന് രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൊതുവിതരണവകുപ്പ് ലോഗോ ഉൾപ്പെടുന്ന ചുവപ്പും മഞ്ഞയും പ്രതലത്തിലുള്ള നെയിംബോർഡിൽ റേഷൻകട നമ്പർ, ലൈസൻസിയുടെ പേര്, താലൂക്കിന്റെ പേര്, പ്രവർത്തനസമയം ഫോൺ നമ്പർ എന്നിവ കാണിച്ചുകൊണ്ടുള്ള ഏകീകൃത മാതൃകയാണ് നടപ്പാക്കുന്നത്.