പാലക്കാട്: കഞ്ചിക്കോട് പെയിന്റ് നിർമ്മാണ കമ്പനിക്ക് തീപിടിച്ച പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എലപ്പുള്ളി പാറ കൂളിയോട് അപ്പുണ്ണിയുടെ ഭാര്യ അരുണ( 38) യാണ് മരിച്ചത്. മക്കൾ: അപർണ, അനുഗ്രഹ.
ഏഴാംതിയതിയാണ് വ്യവസായമേഖലയിലെ ടർപന്റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാക്കിൽ തീപിടിത്തം ഉണ്ടായത്. അരണു രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെ മൂന്നുപേർക്ക് പൊള്ളലേറ്റിരുന്നു. ടിന്നറുകൾ ലോറിയിൽ കയറ്റുന്നതിനിടെയാണ് അപകടം. പൊള്ളലേറ്റ അരുണയെ ലോഡ് കയറ്റാനെത്തിയ വാഹനങ്ങളിലെ ഡ്രൈവർമാരാണ് രക്ഷിച്ച് പുറത്തെത്തിച്ചത്. സംഭവ സമയത്ത് കമ്പനിയിൽ ഏഴ് വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. 40,000 ലിറ്റർ ടർപന്റൈൻ കമ്പനിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അഗ്‌നിബാധയുണ്ടായപ്പോൾ ടിന്നുകൾ പൊട്ടിത്തെറിച്ച് നിലത്ത് പരന്നൊഴുകിയ ടർപന്റൈനിലേക്ക് തീ ആളിപ്പടരുകയായിരുന്നു.