വടക്കഞ്ചേരി: കാട്ടാന പേടി വിട്ടൊഴിയാതെ മലയോര മേഖല. വടക്കഞ്ചേരി പാലക്കുഴിയിലെ പി.സി.ആർ, പി.സി.ടി, തെരേസ മുക്ക്, പൊന്മുടി, കൽക്കുഴി പ്രദേശങ്ങളിൽ സന്ധ്യമയങ്ങിയാൽ ആളുകളൊന്നും വീടിന് പുറത്തേക്ക് ഇറങ്ങില്ല. പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിൽ നിന്നെത്തുന്ന ആനക്കൂട്ടങ്ങൾ രാത്രിമുഴുവൻ പ്രദേശത്തെ തോട്ടങ്ങളിലെത്തി വിളകൾ നശിപ്പിക്കുക പതിവാണ്. കൂടാതെ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലേക്കെത്തുന്നവ വീട്ടുമുറ്റത്തെല്ലാം ഓടിനടക്കുമെന്നും നാട്ടുകാർ പറയുന്നു. ഇതോടെ പേടിച്ച് വിറച്ചാണ് പ്രദേശവാസികൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. മാസങ്ങളായി തുടരുന്ന കാട്ടന ശല്യം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കഴിഞ്ഞദിവസം പി.സി.ആറിലെ കാരക്കൽ ത്രേസ്യാമ്മ ജോസഫിന്റെ വീട്ടുമുറ്റത്ത് നിലയുറപ്പിച്ച കാട്ടനകൾ ഏറെ പരിഭ്രാന്തി പരത്തി. 79 വയസായ ത്രേസ്യാമ്മയും മകൾ സുജ അലക്‌സുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയെങ്കിലും ആനകൾ മാറിയില്ല. ഏറെനേരം കഴിഞ്ഞാണ് ആനകൾ ഇവരുടെ തോട്ടത്തിന്റെ മുൻഭാഗത്തേക്ക് കയറിപോയത്. കരിമാംകോട്ടിൽ സോഫിയ ഷാജിയുടെ വീട്ടുമുറ്റത്ത് മൂന്നു ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള ആനക്കൂട്ടം രണ്ടരമണിക്കൂർ നിലയുറപ്പിച്ചിരുന്നു. ഇടയ്ക്കിടെ ഒറ്റയാന്റെ സന്ദർശനവും പ്രദേശത്തുണ്ട്.
പി.സി.ആർ ഭാഗത്ത് കുറെയിടങ്ങളിൽ ട്രഞ്ച് ഉണ്ടെങ്കിലും മുകൾഭാഗത്ത് ട്രഞ്ചോ സോളാർവേലിയോ ഇല്ലാത്തതിനാൽ വന്യമൃഗ ശല്യം വർദ്ധിച്ചിട്ടുണ്ട്. നെന്മാറ, പീച്ചി ഫോറസ്റ്റ് ഡിവിഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ ഉത്തരവാദിത്വത്തിൽ നിന്ന ഇരുകൂട്ടരും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഈ വർഷം വനാതിർത്തികളിൽ ഫയർലൈൻ പണികൾ നടക്കാത്തതിനാൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു കൂടിയിട്ടുണ്ട്. ആനക്കൂട്ടത്തിനൊപ്പം കാട്ടുപോത്ത്, പുലി, കരടി, മാൻപട, വാനരപ്പട, മലയണ്ണാൻ, പന്നി എന്നിവയുടെ ശല്യവുമുണ്ട്. മലയോരകർഷകരെ പേടിപ്പെടുത്താനും കൃഷി നശിപ്പിക്കാനും പുലിയേയും ആനകളെയും പേടിപ്പിച്ച് പശുവിനെ തൊഴുത്തിൽ നിന്നും ഇറക്കാറില്ലെന്ന് കാരക്കൽ ത്രേസ്യാമ്മ ജോസഫ് പറഞ്ഞു.
കാട്ടുമൃഗശല്യവും പ്രകൃതിക്ഷോഭവുംമൂലം മലയോരജീവിതം കൂടുതൽ ദുരിതപൂർണമാവുകയാണെന്ന് കർഷകർ പറഞ്ഞു. സർക്കാർ ആനുകൂല്യങ്ങളെല്ലാം കുറച്ചു പേർക്ക് മാത്രമായി ചുരുങ്ങുന്നതിനാൽ ജീവിക്കാൻ കഷ്ടപ്പെടുകയാണ് ഇവിടെയുള്ള കർഷകർ.