മണ്ണാർക്കാട്: പ്രളയത്തിനുശേഷം ഉത്പാദനം കുറഞ്ഞതോടെ തേൻ കർഷകർ പ്രതിസന്ധിയിൽ. കേരളത്തിൽ ഇത്തവണ തേൻ ഉത്പാദനം 60 ശതമാനം കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

തുടർച്ചയായി പെയ്ത മഴ തേനീച്ചകളുടെ നാശത്തിന് കാരണമായി. സാധാരണഗതിയിൽ സെപ്തംബർ മാസത്തോടെ തേനീച്ച കോളനി വിഭജനം ആരംഭിക്കും. ജനുവരി മുതൽ മാർച്ചുവരെ തേനെടുക്കുന്ന സമയമാണ്. ഒരു പെട്ടിയിൽ നിന്നും 12 മുതൽ 20 കിലോ വരെ തേൻ ലഭിക്കും. എന്നാൽ, ഇത്തവണ ഫെബ്രുവരി മാസം പകുതിയായിട്ടും തേൻ ഉത്പാദനത്തിൽ കാര്യമായ പുരോഗതിയില്ല.

പ്രളയ ശേഷം തേനീച്ചകൾക്ക് വളർച്ച കുറഞ്ഞു. പ്രളയസമയത്ത് മാത്രം കേരളത്തിൽ 40 ശതമാനം തേനീച്ചകൾ നശിച്ചിരുന്നു. അവശേഷിക്കുന്നതിൽ നിന്നും കോളനി വിഭജനം നടത്താൻ കഴിഞ്ഞതുമില്ല. റബ്ബർ, മാവ് തുടങ്ങിയവയുടെ പൂവിൽ നിന്നും ഇലയിൽ നിന്നുമാണ് കൂടുതൽ തേൻ ലഭിക്കുക, ഇത്തവണ റബറിന് നേരത്തെ തളിർവന്നെങ്കിലും രാത്രിയിലെ തണുപ്പും പകലിലെ ചൂടും കാരണം തളിരെല്ലാം കരിഞ്ഞുപോയി. മാവുകൾ ഇപ്പോഴാണ് പൂക്കുന്നത്.
ജില്ലയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയവർ ഉൾപ്പെടെ ആയിരത്തിലധികം തേൻ കർഷകരുണ്ട്. മോശം കാലാവസ്ഥ കാരണം ഇവരിൽ പലരും നാട്ടിലേക്കു തിരിച്ചുപോയി. വൻതേൻ പോലെത്തന്നെ ചെറുതേൻ കൃഷിയിലും പ്രതിസന്ധി രൂക്ഷമാണ്. ചെറുതേൻ കൃഷിയിൽ ഇപ്പോൾ കോളനി വിഭജനത്തിന്റെ സമയമാണ്. ജില്ലയിലെ പ്രധാന തേനീച്ച കർഷക മേഖലയായ തച്ചമ്പാറയിൽ ഇത്തവണ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തച്ചമ്പാറ പഞ്ചായത്തിൽ മാത്രം വലുതും ചെറുതുമായ തേനീച്ച കൃഷി ചെയ്തു ഉപജീവനമാർഗം നടത്തുന്നവർ നൂറിലേറെപ്പേർ ഉണ്ട്, ഇത്തവണ ഇവരുടെയെല്ലാം ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. തേനീച്ച വളർത്തൽ കൃഷിവകുപ്പിന് കീഴിൽ നേരിട്ടല്ലാത്തതിനാൽ കർഷകർക്ക് യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കുകയുമില്ല.
തേനീച്ച കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും പരിഹരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് തച്ചമ്പാറ മധുരിമ തേനീച്ച കർഷക സമിതി സെക്രട്ടറി ബിജു ജോസഫും അമൃതം ചെറുതേനീച്ച കർഷകസമിതി സെക്രട്ടറി ഉബൈദുള്ള എടയ്ക്കലും ആവശ്യപ്പെട്ടു.