പാലക്കാട്: കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകിൽ പ്രതികളായ അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ, വടക്കാഞ്ചേരി കുറുമൽ, പുഞ്ചപ്പാടത്ത് തിലകൻ (52), മലപ്പുറം, പൊന്നാനി ആലുങ്കൽ തേക്കേടത്ത് റഫീഖ് (37), മങ്കട അരിപ്ര, കല്ലിങ്കൽ വീട്ടിൽ സജിത്ത് (43), പാലക്കാട്, ചിറ്റൂർ നന്ദിയോട് മേലെ കവറത്തോട് മനേഷ് (34) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് വടക്കന്തറ ക്ഷേത്രത്തിനു സമീപത്തു നിന്നും ടൗൺ നോർത്ത് എസ്.ഐ. ആർ.രാജേഷും സംഘവും അറസ്റ്റു ചെയ്തത്.

പ്രതികൾ വൻ മോഷണ പദ്ധതിയുമായാണ് പാലക്കാട് എത്തിയത്. ഇവരുടെ പക്കൽ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന വിവിധ തരം ഇരുമ്പുപകരണങ്ങളും പൊലീസ് കണ്ടെത്തി. മനേഷിനെതിരെ ഇരിങ്ങാലക്കുട, നെന്മാറ, ആലുവ, ആലത്തൂർ, കൊഴിഞ്ഞാമ്പാറ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. വിവിധ ജയിലുകളിലായി തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്. റഫീഖിന് തൃശൂർ, കോഴിക്കോട്, കോയമ്പത്തൂർ, സിങ്കനല്ലൂർ സ്റ്റേഷനുകളിലും കേസുകളുണ്ട്. തിലകന് പാലക്കാട് സൗത്ത്, നോർത്ത്, ഹേമാംബിക നഗർ, തൃശൂർ ഈസ്റ്റ്, ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഇയാൾ വിയ്യൂർ, ഇരിങ്ങാലക്കുട, ആലത്തൂർ ജയിലുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. സജിത്തിന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കളവുകേസുണ്ട്.

അമ്പല മോഷണം, ഭവനഭേദനം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതികളാണ് നാലുപേരും. ഇവരെ പിടികൂടാനായതിൽ നിന്നും പാലക്കാട് പദ്ധതിയിട്ട വൻ മോഷണ ശ്രമം തകർക്കാനായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ ആർ.രാജേഷ്, എ.എസ്.ഐമാരായ വി.നന്ദകുമാർ, വി. ഗംഗാധരൻ, എസ്.സി.പി.ഒ സി.രാധാകൃഷ്ണൻ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കിഷോർ , എം.സുനിൽ, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.