കോങ്ങാട്: നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ വൻ തീപ്പിടുത്തം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടം. പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസ് തിരിച്ചിടുന്നതിനിടെ പെട്രോൾ ഡിസ്ട്രിബ്യൂഷൻ പോയന്റിൽ ഇടിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇളകിമറിഞ്ഞ പോയന്റിന് തീപ്പിടിച്ചു. പ്രദേശമാകെ തീ പടരുന്നതുകണ്ട ജീവനക്കാർ ബഹളംവെച്ചതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന മുട്ടത്ത് റബർ ട്രേഡേഴ്‌സ് ഉടമ ബിജു, ഒമ്പതാംമൈൽ സ്വദേശി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം.
ആവശ്യത്തിന് ഫയർ എസ്റ്റിംഗ്യൂഷർ പമ്പിൽ ഇല്ലാതിരുന്നതിനാൽ മാഞ്ചേരിക്കാവ്, കേരളശ്ശേരി പമ്പുകളിൽ നിന്നും കൊണ്ടുവന്നാണ് തീ നിയന്ത്രിക്കാനായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട്ടും പാലക്കാടും നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമാണ് തീ പൂർണമായും അണച്ചത്. പമ്പിലെ ടാങ്കിൽ 14,000 ലിറ്റർ പെട്രോളും ഏകദേശം അത്രതന്നെ ഡീസലും ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻഓയിൽ കോർറേഷൻ അധികൃതർ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം സംഭവച്ചതായാണ് പ്രാഥമിക നിഗമനം.
പൂർണമായും സുരക്ഷ ഉറപ്പാക്കുന്നതുവരെ ഫയർഫോഴ്‌സ് പ്രദേശത്ത് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തീ ടാങ്കിലേക്ക് പടർന്നിരുന്നെങ്കിൽ വലിയ സ്ഫോടനം തന്നെയുണ്ടാകുമായിരുന്നു. അത് സമീപത്തെ നാലുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ ഗുരുതരമായി ബാധിക്കുമായിരുന്നെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ചതിനാൽ പമ്പിലും സമീപത്തും വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ തോത് കുറച്ചു.
പെരിഞ്ഞാമ്പാടം, ശ്രീകുറുംബപ്പറമ്പ്, ഹൈസ്‌കൂൾകുന്ന് കോങ്ങാട് നഗരം എന്നീ പ്രദേശങ്ങളുടെ നടുവിലാണ് പമ്പ് പ്രവർത്തിക്കുന്നത്. പമ്പിനു പുറകിലും മുന്നിലുമായി നിരവധി വീടുകളുണ്ട്. തീ നിയന്ത്രണവിധേയമായില്ലെങ്കിൽ പ്രദേശവാസികളെ മറ്റൊരു സ്ഥലത്തേക്ക് ഒഴിപ്പിക്കുന്ന കാര്യങ്ങളും പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ, നാട്ടുകാരുടെ സമയോജിതമായ ഇടപെടലും രക്ഷാപ്രവർത്തനവുമാണ് ഒരുനാടിനേയാകെ രക്ഷിച്ചിരിക്കുന്നത്.
ഫോട്ടോ : കോങ്ങാട് നഗരത്തിലെ ഇന്ത്യൻഓയിൽകോർറേഷന്റെ പെട്രോൾ പമ്പിൽ തീ പടർന്നപ്പോൾ