കൊല്ലങ്കോട്: ഒരുഭാഗത്ത് ശുചീകരണം യജ്ഞം തുടരുമ്പോഴും നഗരം മാലിന്യ കൂമ്പാരമായി മാറുന്നു. പൊള്ളാച്ചി റോഡിൽ പുതിയതായി നിർമ്മിച്ച വായനശാലയുടെ സമീപത്താണ് ദുർഗന്ധം വമിക്കുന്ന മാലിന്യ നിക്ഷേപമുള്ളത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ശുചീകരണം നടത്തുന്നുണ്ടെങ്കിലും പാതയോരങ്ങളിൽ കിടക്കുന്ന മാലിന്യം നീക്കം ചെയ്യാറില്ല. കടകളിൽ നിന്നുള്ള മാലിന്യം വേർതിരിച്ച് വെക്കുന്നത് മാത്രമേ ഇവർ കൊണ്ടുപോകാറുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു.
ഇതുമൂലം ഹോട്ടൽ ഭക്ഷണ മാലിന്യങ്ങളെല്ലാം പാതയൊരത്ത് നിക്ഷേപിക്കുന്ന അവസ്ഥയാണ്. ഇതോടെ തെരുവ് നായകളുടെ ശല്യവും വർദ്ധിക്കുന്നു. നായ്ക്കൾ ഇരുചക്ര വാഹനത്തിനും മറ്റും കുറുകെ ചാടുന്നതിനാൽ അപകട സാദ്ധ്യതയും ഏറെയാണ്. മാലിന്യ നിക്ഷേപം തടയുന്നതിനും നിലവിലുള്ള മാലിന്യം എടുത്തു മാറ്റുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.