മണ്ണാർക്കാട്: കടുത്ത വേനലിൽ നഗരത്തെ ജലക്ഷാമം രൂക്ഷമായി ബാധിച്ചു തുടങ്ങുമ്പോൾ നാട്ടുകാർക്കുള്ള കുടിവെള്ളം പാഴാകുന്നത് കണ്ടില്ലെന്ന് നടിച്ച് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ. മണ്ണാർക്കാട് ചന്തപ്പടിയിലാണ് ഒരാഴ്ചയിലേറെയായി ലിറ്റർ കണക്കിന് കുടിവെള്ളം റോഡിൽ പരന്നൊഴുകി പോകുന്നത്. സമീപത്തെ പൈപ്പ് പൊട്ടിയതാണ് കാരണം.
നിരവധി തവണ പരാതി പറഞ്ഞിട്ടും വന്നുനോക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് സമീപത്തുള്ള വ്യാപാരികൾ പറഞ്ഞു. കുളം പോലെ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹന- കാൽനട യാത്രക്കാരും ബുദ്ധിമുട്ടിലാണ്.
റോഡിന്റെ മറുഭാഗത്ത് ദേശീയപാത അഴുക്കുചാൽ നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കും പതിവായി. വലിയ വാഹനങ്ങൾ വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ തെറിക്കുന്ന ചെളി വെള്ളം കാൽനട യാത്രക്കാരിലേക്കും സമീപ സ്ഥാപനങ്ങളിലേക്കുമാണ് വീഴുന്നത്.
കനത്ത വേനലിൽ കുന്തിപ്പുഴ, നെല്ലിപ്പുഴ തുടങ്ങിയ സമീപ ജലാശയങ്ങൾ വറ്റിത്തുടങ്ങുമ്പോഴാണ് നഗരമദ്ധ്യത്തിൽ അധികൃതരുടെ കൺമുന്നിലെ ഈ അനാസ്ഥ. ഉടൻ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.