പാലക്കാട്:പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് വീടുകളിൽ നടത്തിവരുന്ന കൊതുക് നശീകരണ പ്രവർത്തനത്തിന്റെ പേരിൽപണം പിരിക്കുന്ന തട്ടിപ്പ് സംഘം വ്യാപകം. പഞ്ചായത്തിലെ ആരോഗ്യവിഭാഗം പ്രവർത്തകരെന്ന വ്യാജേന വരുന്ന രണ്ടുപേരോ മൂന്നുപേരോ ഉൾപ്പെടുന്ന സംഘം വീട്ടുകാരിൽ നിന്ന് 150 മുതൽ 200 രൂപവരെ പണം തട്ടാറുണ്ട്. വീടിന് ചുറ്റും കൊതുക് നശീകരണത്തിന് മരുന്ന് തളിക്കുകയാണെന്ന് പറഞ്ഞ് സംഘം മോഷണവും നടത്താറുണ്ട്.

ജില്ലയിലെ പൊൽപ്പുള്ളി, കൊടുമ്പ് പഞ്ചായത്തുകളിലാണ് ഇത്തരം സംഭവം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബൈക്കുമായി എത്തുന്ന യുവാക്കളാണ് തട്ടിപ്പ് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കരിങ്കരപ്പുള്ളിയിൽ ഇത്തരത്തിൽ വന്ന ഒരു യുവാവ് മരുന്ന് തളിക്കാനായി 200 രൂപയും വാങ്ങുകയും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഹാളിൽ വച്ചിരുന്ന പേഴ്സുമായാണ് കടന്നുകളഞ്ഞത്. വീട്ടുകാർ യുവാവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് പണം നഷ്ടപ്പെട്ട പേഴ്സ് വഴിയരികിൽ നിന്ന് കണ്ടെടുത്തു.

ജില്ലയിലെ പലഭാഗത്തും ഇത്തരം തട്ടിപ്പ് സംഘങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

* പഞ്ചയാത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊതുക് നശീകരണത്തിന്റെ ഭാഗമായി ഫോഗിംഗ്, ലായിനി തളിക്കൽ എന്നിവയാണ് നടക്കുന്നത്. ഇതിന് യാതൊരു പിരിവും പഞ്ചായത്ത് നടത്താറില്ല. തട്ടിപ്പ് സംഘങ്ങൾ വന്നു പണം പിരിക്കുന്നതായി പരാതി ലഭിച്ചിരുന്നു. പക്ഷേ, ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പണം ആവശ്യപ്പെടുന്ന സംഘങ്ങളെ വീട്ടിൽ കയറ്റാതിരിക്കുകയാണ് പോംവഴി.

രാമദാസ്, ഹെൽത്ത് ഇൻസ്പെക്ടർ, കൊടുമ്പ് പഞ്ചായത്ത്