പാലക്കാട്: നഗരസഭയുടെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ അഗ്നിബാധ, തീ പൂർണമായും അണയ്ക്കാനാകാതെ ഫയർഫോഴ്സ്. ഇന്നലെ രാത്രി വൈകിയും കഞ്ചിക്കോട് ഫയർ സ്റ്റേഷനിൽ നിന്നുള്ള രണ്ട് യൂണിറ്റുകൾ പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൊടുമ്പ് പഞ്ചായത്തിലുള്ള നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീപ്പിടുത്തമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒമ്പതുവരെയും പാലക്കാട്, കഞ്ചിക്കോട് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള നാലു യൂണിറ്റുകൾ തീ അണക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. 30 അടി ഉയരത്തിൽ ടൺ കണക്കിന് മാലിന്യങ്ങളാണ് ട്രഞ്ചിംഗ് കേന്ദ്രത്തിലുള്ളത്. മാലിന്യങ്ങൾക്ക് മുകളിൽ കയറി വെള്ളം പമ്പ് ചെയ്യാൻ പറ്റാത്തതാണ് തീ അണയ്ക്കുന്നതിന് തടസമാകുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ തീ 15 അടിയോളം താഴോട്ട് ഇറങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഭാഗത്തേക്ക് പടരുന്ന സാഹചര്യമാണുള്ളത്. വെള്ളം ഉപയോഗിച്ച് മാത്രം തീ അണക്കാൻ സാധിക്കാത്തതിനാൽ തീപിടിച്ച ഭാഗങ്ങൾ ജെ.സി.ബി കൊണ്ട് ഇളക്കിമാറ്റി മണ്ണിട്ടാണ് തീ അണയ്ക്കുന്നത്.

തീ പൂർണമായി അണയ്ക്കാനായി രണ്ട് ദിവസമെങ്കിലുമെടുക്കും.

മാലിന്യം കത്തുന്നതിൽ നിന്ന് ഉയരുന്ന പുക സമീപവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കാർബൺ മോണോസൈഡ്, മീഥൈൽ തുടങ്ങിയ വിഷവാതകമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുന്നതു മൂലം പുറത്തുവരുന്നത്. ഇത് അഗ്നിസേന ജീവനക്കാർക്കും സമീപത്തുള്ള ജനങ്ങൾക്ക് ശ്വാസമുട്ടൽ പോലുള്ള രോഗങ്ങൾക്ക് കാരണമാൻ സാധ്യതയേറെയാണ്.

2015ലും ഇത്തരത്തിൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തീപ്പിടുത്തമുണ്ടായിരുന്നു. ഇതേതുടർന്ന് തീപ്പിടിത്തം തടയുന്നതിന് സംവിധാനം ഏർപ്പെടുത്തുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇനിയും പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല.