inogration
ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫീസിന്റെ ശിലാഫലകം പി.കെ. ശശി എം.എൽ.എ അനാഛാദനം ചെയ്യുന്നു.

ചെർപ്പുളശ്ശേരി: രജിസ്ട്രർ ഓഫീസുകളിലെ അഴിമതി തടയാനായി പുതിയ നിയമങ്ങൾ ആവിഷ്‌ക്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലകം പി.കെ.ശശി എം.എൽ.എ അനാച്ഛാദനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.എ.അസീസ്, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീധരൻ, നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി, കെ.മിനി, അനിത, പി.എ.ഉമ്മർ, കെ.നന്ദകുമാർ, ഇക്ബാൽ ദുറാനി, പി.കെ.ബിജു എന്നിവർ സംസാരിച്ചു.
ഒന്നര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചു വരുന്ന ചെർപ്പുളശ്ശേരി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം ആധുനിക വൽക്കരണത്തിന്റെ ഭാഗമായാണ് പുതുക്കി പണിയുന്നത്. കിഫ്ബി ഫണ്ടായ ഒരു കോടി പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പുനർനിർമ്മിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.