പാലക്കാട്: ജില്ലയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ഇന്ന് പാലക്കാട് എത്തും. ഇതിനു മുന്നോടിയായി രാവിലെ 11ന് ടോപ് ഇൻ ടൗണിൽ സംസ്ഥാന നേതൃയോഗം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് മൂന്നിന് ലോക്‌സഭാ മണ്ഡലങ്ങളുടെ പ്രഭാരിമാർ, കൺവീനർമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗത്തിലാണ് അമിത്ഷാ ആദ്യം പങ്കെടുക്കുക. യോഗത്തിൽ ബി.ജെ.പി സംസ്ഥാന നേതാക്കളും പങ്കെടുക്കും. തുടർന്ന് നാലിന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
വോട്ടർപട്ടിക പേജിന്റെ പാർട്ടി ചുമതലയുള്ള പാലക്കാട്, ആലത്തൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ പേജ് പ്രമുഖർ, പൊന്നാനി, മലപ്പുറം, ആലത്തൂർ, പാലക്കാട് മണ്ഡലങ്ങളിലെ പരിവാർ സംഘടനകളുടെ ബൂത്തുതല ശക്തികേന്ദ്ര കമ്മിറ്റി കൺവീനർമാർ എന്നിവർ പൊതുയോഗത്തിൽ പങ്കെടുക്കുമെന്ന് എ.എൽ.രാധാകൃഷ്ണൻ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പ്രാധാന്യം നൽകുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. എന്നാൽ, സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ നേതാക്കളിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷൻ എത്തുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളും കോൺഗ്രസ് - സി.പി.എം കൂട്ടുകെട്ട് വിഷയവും സംസ്ഥാന നേതൃയോഗത്തിൽ ചർച്ചചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ആദ്യവാരത്തോടെ ബി.ജി.പി സ്ഥാനാർത്ഥി നിർണയപട്ടിക പൂർത്തീയാക്കുമെന്നാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെയും മത്സരിപ്പിക്കും. കാസർകോട് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പിണറായി സർക്കാർ നടത്തുന്ന 1000 ദിനാഘോഷ പരിപാടികൾ തികച്ചും അപലപനീയമാണെന്ന് എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. വാർത്താസമ്മേളത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ് പങ്കെടുത്തു.