പാലക്കാട്: സംസ്ഥാനത്തെ ആദ്യ 'കേരള ചിക്കൻ പ്രൊഡ്യൂസർ കമ്പനി' യുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. എലവഞ്ചേരി പ്രണവം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ. ബാബു എം.എൽ.എ അധ്യക്ഷനാവും.

ഇറച്ചിക്കോഴിയുടെ വർദ്ധിക്കുന്ന ആവശ്യകതയെയും ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി, ആരോഗ്യകരവും ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞനിരക്കിൽ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ഇറച്ചിക്കോഴികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനനി പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കമ്പനി രൂപീകരിക്കുന്നത്. കേരള ചിക്കൻ ബ്രാൻഡിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെയാണ് ലഭ്യമാക്കുക. ഇതിനായി ബ്രോയിലർ പാരന്റ് ഫാം (ബ്രീഡർ ഫാം) ഹാച്ചറി, മാംസ സംസ്‌കരണശാല, വിൽപ്പനശാല എന്നിവ തയ്യാറാക്കും. ഇതിന്റെ തുടക്കമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രീഡർ ഫാമും മാംസ സംസ്‌കരണശാലയും ജില്ലയിൽ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി തിരഞ്ഞെടുത്ത 10 സി.ഡി.എസുകൾ ചേർന്ന് പാലക്കാട് കുടുംബശ്രീ കേരള ചിക്കൻ ബ്രീഡേഴ്‌സ് കൺസോർഷ്യം രൂപീകരിച്ചു.

കൺസോർഷ്യത്തിലെ സി.ഡി.എസുകൾക്ക് ബ്രീഡർ ഫാമിനായി 15 ലക്ഷവും മാംസസംസ്‌കരണശാലക്കായി അഞ്ചു ലക്ഷവും കമ്മ്യൂണിറ്റി എന്റർപ്രൈസ് ഫണ്ടായി നൽകിയിട്ടുണ്ട്. തുക സി.ഡി.എസുകൾ ബ്രീഡർ ഫാമിന്റെയും മാംസ സംസ്‌കരണശാലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി കൺസോർഷ്യത്തിൽ ഏൽപ്പിക്കുകയും കൺസോർഷ്യം തുക കമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്യും. പദ്ധതിയുടെ ലാഭവിഹിതം കൺസോർഷ്യം വഴി ഓരോ സി.ഡി.എസിനും ലഭ്യമാക്കും. കൂടാതെ ഫാമിന്റെയും സംസ്‌കരണശാലയുടെയും നടത്തിപ്പിനായി ആവശ്യമായ 20 തൊഴിലാളികളെ കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നോ കുടുംബശ്രീ കുടുംബങ്ങളിൽ നിന്നോ നിശ്ചിത മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കും.