പാലക്കാട്: കിഴക്കൻഞ്ചേരി പനംകുറ്റിയിലെ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ നാട്ടുകാർ പനംകുറ്റി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി കെ.രാജുവിന് നിവേദനം നൽകി.
പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് പനംകുറ്റി ജനകിയ കമ്മിറ്റി വനംവകുപ്പ് മന്ത്രിയെ കണ്ട് നിവേദനം സമർപ്പിച്ചത്.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.വി,ശ്രീധരൻ, ജനകീയ കമ്മിറ്റി സെക്രട്ടറി എൽദോ, പ്രിസിഡന്റ് ജോൺ , കമ്മിറ്റി അംഗങ്ങളായ ഷിബു കുര്യൻ,ബെന്നി, റെനി അറയ്ക്കൽ, റോയി മുണ്ടൻചിറ തുടങ്ങിയവർ നേതൃത്വം നൽകി. താമരപ്പിള്ളി പ്രദേശം തുടങ്ങി കണച്ചിപ്പരുത ഭാഗത്തെക്കുള്ള പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ അഞ്ചു കിലോമീറ്ററോളം വരുന്ന ഫോറസ്റ്റ് അതിർത്തി സോളാർ ഫെൻസിംഗ് ഉപയോഗിച്ച് സംരക്ഷിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ജനകീയ കമ്മിറ്റി നേതാക്കൾ അറിയിച്ചു.