പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലത്ത് പുറത്തിറങ്ങുമ്പോൾ ദാഹമകറ്റാൻ വഴിയോരങ്ങളിലെ ജ്യൂസ് സ്റ്റാളുകളെ ആശ്രയിക്കുന്നവർക്ക് ഒരു മുൻകരുതൽ വേണം. വിലകുറച്ച് കിട്ടുന്ന ഇത്തരം ശീതളപാനീയങ്ങളിൽ രുചി കൂട്ടാനും കളർ ലഭിക്കാനും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ചേർക്കുന്നതായാണ് റിപ്പോർട്ടുകൾ. വേനൽ കാലത്ത് ജില്ലയിലെ വിവിധയിടങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന വഴിയോര കച്ചവടക്കാർ ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്.

വഴിയോരങ്ങളിൽ നേരത്തെ ജ്യൂസാക്കി ഫ്രീസറിൽ വച്ച് വില്ക്കുന്നവയാണ് കൂടുതൽ അപകടകാരി. ഇവ പലതും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നത്. കൂടാതെ തുറന്നുവയ്ക്കുന്നതിനാൽ പ്രാണികൾ പറ്റിപ്പിടിക്കാനും സാദ്ധ്യത കൂടുതലാണ്. ജ്യൂസുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, സാമഗ്രികൾ, ജീവനക്കാരുടെ ആരോഗ്യ സ്ഥിതി, എന്നിവ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിക്കേണ്ടതാണ്. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല. ഇതാണ് ഇത്തരക്കാർക്ക് ഗുണം ചെയ്യുന്നത്.

റോഡരികിലെ പൊടിയിലും അഴുക്കിലും സൂക്ഷിക്കുന്ന കരിമ്പാണ് പലപ്പോഴും ജ്യൂസിനായി ഉപയോഗിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് ലോഡുകണക്കിനെത്തിക്കുന്ന കരിമ്പ് ഇടനിലക്കാർ വിലയ്ക്കെടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ വഴി ജ്യൂസുണ്ടാക്കി വിൽക്കുന്നു. ദേശീയപാതയോരവും റോഡരികുമാണ് ഇവരുടെ താവളം. ദിനം പ്രതി അയ്യായിരത്തോളം രൂപയുടെ കച്ചവടം പലയിടത്തും നടക്കുന്നുണ്ട്. എന്നാൽ ഇവർ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ ഗുണനിലവാരമില്ലാത്തതും. ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടിയെടുക്കണമെന്നാണ് ആവശ്യം.

* സൂപ്പർ തണ്ണിമത്തനിൽ 'സൂപ്പർ ഗ്ലോ'

കടുത്ത വേനലിൽ മനംതണുപ്പിക്കാൻ ഏവരും ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് തണ്ണിമത്തൻ ജ്യൂസ്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം താൽക്കാലികമായി വിശപ്പും മാറാനും ഇത് സഹായിക്കും. പക്ഷേ, ഈ തണ്ണിമത്തൻ ജ്യൂസുകളിൽ രുചി വർദ്ധിപ്പിക്കാനായി 'സൂപ്പർ ഗ്ലോ’ എന്ന രാസവസ്തു ചേർക്കുന്നതായാണ് റിപ്പോർട്ട്.

ഇതുകൂടാതെ മധുരവും രുചിയും കൂട്ടാൻ സാക്രിൻ, ഡെൽസിൻ എന്നീ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. പഞ്ചസാരയെക്കാൽ ഇരട്ടി മധുരവും അല്പം ലഹരിയും ഇതിനുണ്ടാകും. പൊടിരൂപത്തിൽ ലഭ്യമാകുന്ന ഇവ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. മാംഗ്ലൂരാണ് ഇതിന്റെ പ്രധാന വിപണന കേന്ദ്രം. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെടാൻ സാദ്ധ്യതയേറെയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

* 95 ശതമാനവും അനധികൃതം

പാതയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ 95ശതമാനവും അനധികൃതമാണ്. കോഴിക്കോടൻ കുലുക്കി സർബർത്ത്, കരിമ്പ്, തണ്ണിമത്തൻ ജ്യൂസ്, സംഭാരം വില്പന കേന്ദ്രങ്ങൾ എന്നിങ്ങനെ നിരവധി സ്റ്റാളുകൾ നഗരത്തിലും ഗ്രാമീണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ, ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.