സ്ത്രീകളുടെ ടോയ്‌ലറ്റിൽ രണ്ടരകിലോ സ്വർണം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്വർണ വേട്ട തുടരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപ വരുന്ന 3.750 കിലോ സ്വർണം പിടികൂടി. പാലക്കാട്, തൊടുപുഴ സ്വദേശികളായ രണ്ട് പേർ പിടിയിലായി.
അന്താരാഷ്ട്ര ടെർമിനലിലെ ആഗമന വിഭാഗത്തിലെ സ്ത്രീകളുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് രണ്ടര കിലോ സ്വർണ ബിസ്‌കറ്റ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളി വിമലയിടെ ശ്രദ്ധയിലാണ് ഇത് പെട്ടത്. 23 സ്വർണ ബിസ്ക്കറ്റുകൾ പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ടോയിലറ്റ് വരെ എത്തിച്ച സ്വർണം എന്തു കൊണ്ട് ഉപേക്ഷിച്ചുവെന്ന് വ്യക്തമല്ല.
സ്വർണം കണ്ടെത്തുന്നതിന് കുറച്ച് മുമ്പ് പരിസരത്ത് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സി.സി ടി.വി കാമറ പരിശോധിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതർ.
പിന്നാലെ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്നും ഒന്നര കിലോ സ്വർണമാണ് പിടികൂടിയത്. ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിന്നാലെ സിംഗപ്പൂരിൽ നിന്നെത്തിയ തൊടുപുഴ സ്വദേശിയും കുടുങ്ങി. അഞ്ച് മോതിരമാക്കി പേപ്പറിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു .
കഴിഞ്ഞ പത്ത് ദിവസത്തിനിടെ എല്ലാ ദിവസവും സ്വർണം, കറൻസി, മയക്കുമരുന്ന് കടത്ത് എന്നിവയിലേതെങ്കിലും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. പിടികൂടിയവയിലേറെയും സ്വർണം തന്നെയാണ്.