പാലക്കാട്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം ഇന്ത്യയ്‌ക്ക് നല്ലതല്ലെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാൻ ശക്തനായ നേതാവും വ്യക്തമായ ആദർശവുമില്ലാത്ത ഈ സഖ്യം കേവലം അധികാരത്തിനായി രൂപംകൊണ്ട അഴിമതിക്കാരുടെ കൂട്ടുകെട്ടാണെന്നും ബി. ജെ. പി അദ്ധ്യക്ഷൻ അമിത് ഷാ വിമർശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച ബി.ജെ.പി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ കോടിക്കണക്കിന് വിശ്വാസികളെ വഞ്ചിച്ച പിണറായി സർക്കാരിനെ കേരളത്തിൽ നിന്ന് വേരോടെ പിഴുതെറിയണം. സുപ്രീം കോടതി വിധിയെ മാനിക്കുന്നയാളാണ് പിണറായി എങ്കിൽ മുസ്ലീം പള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന വിധി നടപ്പാക്കാമോ എന്നും അമിത് ഷാ ചോദിച്ചു. കോടതി വിധികൾ ഒരു വിഭാഗത്തിന് മാത്രമാണോ ബാധകമെന്ന് സർക്കാർ വ്യക്തമാക്കണം. നിരീശ്വരവാദികളുടെ സർക്കാർ 2000ത്തോളം വിശ്വാസികളെ ജയിലിലടച്ചു. 30000 ത്തോളം പേരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നു. ക്ഷേത്രാചാരങ്ങളെയും സംസ്കാരത്തെയും തകർത്ത സർക്കാരിനെ വേരോടെ പിഴുതെറിയാൻ എൻ.എസ്.എസും ബി.ഡി.ജെ.എസും ബി.ജെ.പിയോട് ചേർന്ന് പ്രവർത്തിക്കണം.
കേരളത്തിൽ ബി.ജെ.പി പ്രവർത്തനം തുടങ്ങിയത് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അക്രമം അഴിച്ചുവിടുകയാണ്. കാലങ്ങളായി മാറി മാറി ഭരിക്കുന്ന ഇടതു - വലതു മുന്നണികൾ പരസ്പരം അഴിമതി സംരക്ഷകർ മാത്രമാണ്. ഇത്തവണ ബി.ജെ.പിക്ക് ഒരു അവസരം നൽകൂ. കേരളത്തെ രാജ്യത്തിന്റെ നമ്പർ വൺ സംസ്ഥാനമാക്കി മാറ്റിത്തരാം. പത്തുവർഷം രാജ്യം ഭരിച്ച യു.പി.എ സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയത്. യു.പി.എ സർക്കാർ കേരളത്തിന് നൽകിയതിന്റെ നാലിരട്ടി തുക അഞ്ചുവർഷത്തിനിടെ എൻ.ഡി.എ അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിൽ ലഭിക്കുന്ന ജനകീയത തകർക്കാൻ വികസനത്തിൽ രാഷ്ട്രീയം കളിക്കുകയാണ് പിണറായി വിജയൻ.
പൊതുതിരഞ്ഞെടുപ്പിനൊടുവിൽ എൻ.ഡി.എ അധികാരത്തിലെത്തുമ്പോൾ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. പ്രതിപക്ഷം അധികാരത്തിലെത്തിയാലോ?. തിങ്കൾ മുതൽ ശനിവരെ യഥാക്രമം അഖിലേഷ് യാദവ്, മായാവതി, മമതബാനർജി, ചന്ദ്രബാബു നായിഡു, സ്റ്രാലിൻ എന്നിവരാകും പ്രധാനമന്ത്രിമാർ. ഞായറാഴ്ച അവധിയായതിനാൽ അന്ന് രാജ്യത്തിന് പ്രധാനമന്ത്രിയുണ്ടാകില്ലെന്നും അദ്ദേഹം വിമർശിച്ചു. മോദി വീണ്ടും അധികാരത്തിലെത്തുമ്പോൾ മലയാളം സംസാരിക്കുന്ന എം.പിമാർ പാർലിമെന്റിലുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, അഖിലേന്ത്യാ സഹ സംഘടനാ ജന സെക്രട്ടറി വി.എൽ.സന്തോഷ്, പ്രഭാരി എച്ച്.രാജ, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വൈ.സത്യകുമാർ, നിർമ്മൽ കുമാർ, ഒ.രാജഗോപാൽ എം.എൽ.എ, സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, ഇ. കൃഷ്ണദാസ്, എൻ.ശിവരാജൻ, സി.കൃഷ്ണകുമാർ, പ്രമീള ശശിധരൻ തുടങ്ങിയവട പങ്കെടുത്തു.