പാലക്കാട്: കുംഭച്ചൂടിൽ താപനില 40 ഡിഗ്രിയിലെത്തിയതോടെ ജില്ല വെന്തുരുകുന്നു. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഇന്നലെ ഉയർന്ന ചൂട് 40 ഡിഗ്രി രേഖപ്പെടുത്തി. കുറഞ്ഞ ചൂട് 24 ഡിഗ്രിയും ആർദ്രത 32ഉം ആണ്. വെളളിയാഴ്ച താപനില 39 ഡിഗ്രിയായിരുന്നു. സാധാരണ മാർച്ച് മുതൽ മേയ് വരെയാണ് വേനൽ ചൂട് കനക്കാറുളളത്.
പ്രളയാനന്തരം മഴ ലഭിക്കാത്തതും കാലാവസ്ഥയിലുണ്ടായ മാറ്റവും ഇത്തവണ ഫെബ്രുവരിയിൽ തന്നെ ജില്ലയെ ചുട്ടുപൊള്ളിക്കുകയാണ്. പകൽ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലുളള ചൂടാണ്. വേനൽ കനത്തതോടെ അട്ടപ്പാടി ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തവും വർദ്ധിച്ചു. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്ന് ഹെക്ടർ കണക്കിന് വനഭൂമിയും കൃഷി ഭൂമിയും നശിച്ചു.
പാലക്കാട് നഗരസഭയുടെ കീഴിലുളള മാലിന്യ സംസ്കരണ കേന്ദ്രത്തിലും തീപിടിത്തമുണ്ടായി. രണ്ടുദിവസത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അലനല്ലൂരിലും കുളക്കാടൻ മലയിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി.