agali
അഗളി റേയിഞ്ചിൽ കോട്ടമല ഊരിനു മുകളിൽ ഉണ്ടായ കാട്ടുതീ.

അഗളി: അട്ടപ്പാടിയിൽ രണ്ടാഴ്ചയായി വനപ്രദേശത്തും കൃഷി ഭൂമികളിലും പടരുന്ന കാട്ടുതീ പ്രശ്നത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസെടുക്കണമെന്ന് പരിസ്ഥിതി കൂട്ടായ്മ. വേനൽ ആരംഭിക്കുന്നതിന് മുന്നോടിയായി ഫയർ ലൈൻ എടുക്കണമെന്ന ആവശ്യം പല തവണ അധികൃതരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് സംയുക്ത വന പരിപാലന സമിതി പ്രതിനിധി കനകൻ പറഞ്ഞു.

എന്നാൽ ലക്ഷകണക്കിന് രൂപ ചെലവഴിക്കുന്ന സൈലന്റ്‌ വാലി റോഡ് പോലുള്ള പ്രവർത്തികൾ ചെയ്യുന്നതിനാണ് വനം വകുപ്പ് മുൻതൂക്കം നൽകുന്നത്. 745 ചതുരശ്ര വിസ്തീർണമുള്ള അട്ടപ്പാടിയിൽ പകുതിയിലധികം വനഭൂമിയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി പുതുർ പഞ്ചായത്തിലെ ചെന്തുമ്പിയും അഗളി റേഞ്ചിലെ കോട്ടമല വനപ്രദേശം ഉൾപ്പടെയുള്ളവ കത്തിയമരുകയാണ്.

വനംവകുപ്പിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ജീവനക്കാരും പരിപരിപാലന പ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങളും ഉണ്ടായിട്ടാണ് ഈ സ്ഥിതി. അഹാഡ്‌സ് പ്രൊജക്ടിന്റെ ഭാഗമായി സംയുക്ത വനപരിപാലന സമിതികൾ കാത്തുസൂക്ഷിച്ച 8000 ഹെക്ടർ വനമാണ് കത്തി നശിച്ചത്തെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.

അട്ടപ്പാടിയിൽ വനം വകുപ്പ് ചെയ്യുന്ന പ്രവർത്തനത്തിൽ സുതാര്യതയില്ല. കൃത്യമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാതെ കാട്ടുമൃഗങ്ങളുടെയും വന സമ്പത്തിന്റെയും നാശത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് അട്ടപ്പാടി പരിസ്ഥി കൂട്ടായ്മ പ്രസിഡന്റ് ജി.രാധാകൃഷ്ണൻ കോട്ടമല ആവശ്യപ്പെട്ടു.

അഗളി കോട്ടമല ഊരിന് സമീപമുണ്ടായ കാട്ടുതീ