കിഴക്കഞ്ചേരി: ജലക്ഷാമം രൂക്ഷമായ വചനഗിരി പിട്ടുക്കാരി കുളമ്പിൽ ഓക്സിജൻ പ്ലാന്റിന് അനുമതി നൽകിയ പഞ്ചായത്തിന്റെ നടപടിക്കെതിരെ നാട്ടുകാർ രംഗത്ത്. മേഖലയിൽ ഭൂഗർഭ ജല ലഭ്യത ക്രമാതീതമായി കുറയുന്നതായി കേരള വാട്ടർ അതോറിറ്റി തന്നെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജലചൂഷണത്തിന് കാരണമാകുന്ന ഓക്സിജൻ പ്ലാന്റിന് അനുമതി നൽകിയിരിക്കുന്നത്.

800 അടിയെങ്കിലും താഴ്ത്തിയാലാണ് പ്രദേശത്ത് കുഴൽ കിണറുകളിൽ വെള്ളം കിട്ടുന്നത്. ഇതും ഓരോ വർഷവും താഴ്ന്നുപോകുന്ന സ്ഥിതിയാണ്. പഞ്ചായത്തിലെ 10, 16, 17, 20 എന്നീ വാർഡുകളിലേക്കുള്ള കുഴൽകിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നത് പ്ലാന്റ് വരുന്നതിന്റെ നൂറ് മീറ്റർ മാത്രം അകലെയാണ്.

പ്ലാന്റ് വരുന്ന വിവരങ്ങളും പ്ലാന്റിനുള്ള അപേക്ഷയും രഹസ്യമാക്കി വെച്ച് കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ തദ്ദേശ വാസികളാരും പ്ലാന്റിനെതിരെ പരാതിപ്പെടാത്തതിനാലാണ് അനുമതി നൽകിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദമെന്ന് പ്രദേശവാസികൾ പറഞ്ഞു.

പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ജോലി ദ്രുതഗതിയിലാണ് നടക്കുന്നത്. പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ ജനങ്ങളോട് വ്യക്തമാക്കണമെന്നാണ് ആവശ്യം. പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച ആശങ്ക ഒഴിവാക്കണമെന്നും അനുമതി നൽകിയതിലെ നിബന്ധന ജനസമക്ഷം ബോദ്ധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ ഒപ്പിട്ട ഹർജി ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.