പാലക്കാട്: വേനൽ കടുത്തതോടെ ജില്ലയിലെ താപനില 40 ഡിഗ്രിയിൽ നിൽക്കുമ്പോൾ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെത്തുന്ന യാത്രക്കാർ വെന്തുരുകുകയാണ്. താത്ക്കാലിക ഷെഡ് ഉണ്ടെങ്കിലും ഇവിടെയെത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഈ കൊടുംചൂടിൽ ഇതൊന്നും പരിഹാരമാകുന്നില്ല. ദീർഘദൂര യാത്രക്കാർ, പ്രായമായവർ, കൈകുഞ്ഞുമായി വരുന്ന സ്ത്രീകൾ എന്നിവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ എത്തുന്ന യാത്രക്കാരുടെ സ്ഥിതി പരിതാപകരമാണ്. ഇതിനുപുറമേയാണ് ബസുകൾ പോകുമ്പോൾ പൊടി പാറിയുള്ള ശല്യം.
തിരക്കുള്ള സമയങ്ങളിൽ പലരും കുടയും തൂവാലയും വച്ചാണ് ചൂടിൽ നിന്ന് രക്ഷ തേടുന്നത്. കുടിവെള്ള സൗകര്യവും ഇവിടെയില്ല. ഒരു കുപ്പി വെള്ളം വാങ്ങണമെങ്കിൽ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കണം. നവീകരണത്തിനായി പൊളിച്ചിട്ട് നാലുവർഷം കഴിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ നിർമ്മാണം ഇതുവരെയും തുടങ്ങാനായിട്ടില്ല. ഓരോ വർഷവും അടുത്ത വേനലിന് പരിഹാരം കാണുമെന്ന് പറയുന്ന അധികൃതരുടെ വാക്കുകേട്ട് യാത്രക്കാരും മടുത്തു.
കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ പുനർനിർമ്മാണത്തിനായി സമർപ്പിച്ച അഞ്ചുകോടി രൂപയുടെ എസ്റ്റിമേറ്റ് ധനവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഇനി ധനവകുപ്പിന്റെ ഭരണാനുമതി ലഭിക്കണം. അനുമതി ലഭിച്ചാലുടൻ തുടർ നടപടി പൂർത്തിയാക്കി മഴയ്ക്ക് മുമ്പ് നിർമ്മാണം ആരംഭിക്കാനാണ് ശ്രമം.