waste
ചിറ്റൂർ നല്ലേപ്പിള്ളിയിൽ റോഡരികിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം.

ചിറ്റൂർ: നല്ലേപ്പിള്ളിയിലെ പ്രധാന പാതയോരങ്ങൾ മാലിന്യക്കൂമ്പാരമായിട്ടും പഞ്ചായത്ത് അധികൃതർ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുന്നു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം കണ്ടെത്താൻ മാറിമാറി വന്ന ഭരണ സമിതികൾക്കൊന്നും കഴിഞ്ഞിട്ടില്ല പ്രതിഷേധത്തിന് കാരണമാകുന്നു.

റോഡോരങ്ങളിലും മറ്റും മാലിന്യം ദിനംപ്രതി കുമിഞ്ഞുകൂടുന്ന സ്ഥിതിയാണ്. നിലവിൽ താൽക്കാലികമായ എന്തെങ്കിലും നടപടി ഉണ്ടാകുമെന്നല്ലാതെ ശാശ്വതമായ പരിഹാരത്തിന് മാർഗം കണ്ടെത്താൻ അധികൃതർ തയ്യാറല്ലെന്ന് ജനങ്ങൾ പറഞ്ഞു. നല്ലേപ്പിള്ളി വണ്ടിതോടിന് സമീപം കോഴിമാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നത് മൂലം തെരുവ് നായ്ക്കളുടെ ആക്രമണങ്ങളും പതിവായപ്പോൾ ജനരോഷത്തെ തുടർന്ന് പഞ്ചായത്ത് അവിടെ പൂച്ചെടികൾ വച്ചുപിടിപ്പിച്ചു. പക്ഷേ മാലിന്യ സംസ്‌കരണത്തിന് പകരം സ്ഥിരംസംവിധാനം കണ്ടെത്താനായിട്ടില്ല.

രാത്രിയിൽ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നത് പതിവാണ്. മുമ്പ് ടൗണിൽ നിന്ന് അകലെയുള്ള തോട്ടുപാലത്തിന് സമീപമാണ് മാലിന്യം നിക്ഷേപിക്കപ്പെട്ടതെങ്കിൽ ഇപ്പോൾ ടൗണിന് പരിസരത്തും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. പല ഭാഗത്തും മുന്നറിയിപ്പ് ബോർഡിന് താഴെ തന്നെയാണ് നിക്ഷേപം. മാലിന്യം ഇടക്കിടെ തീവച്ച് നശിപ്പിക്കുന്ന നടപടിയിൽ മാത്രം ഒരുങ്ങി നിൽക്കുന്നതാണ് പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണം.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഓരോ ഭരണ സമിതിയും സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാറുണ്ടെങ്കിലും വെറും പ്രഹസനം മാത്രമായി അവസാനിക്കുന്നു. മഴക്കാലമാകുന്നതോടെ മാലിന്യം അഴുകി സ്ഥിതി കൂടുതൽ മോശമാകും. ഇത് പല സാംക്രമിക രോഗങ്ങൾക്കും കാരണമാകും. അതിനാൽ ഉടൻ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.