ചെർപ്പുളശേരി: അയ്യപ്പൻകാവിൽ എട്ടാംവിളക്കുത്സവം ഭക്തി നിർഭരമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ തന്ത്രി അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾക്ക് ശേഷം പെരുവനം കുട്ടൻ മാരാർ നയിച്ച പഞ്ചാരി മേളത്തിന്റെ അകമ്പടിയിൽ ശീവേലി നടന്നു. തുടർന്ന് നടന്ന കഞ്ഞി സദ്യയിൽ നിരവധി ഭക്തർ പങ്കെടുത്തു.
ഉച്ചയ്ക്ക് ശേഷം ചോറ്റാനിക്കര വിജയൻ, ചെർപ്പുളശേരി ശിവൻ, പല്ലാവൂർ രാഘവപ്പിഷാരടി, മച്ചാട് മണികണ്ഠൻ, തിച്ചൂർ മോഹനൻ തുടങ്ങിയവർ നയിച്ച പഞ്ചവാദ്യം നടന്നു. രാത്രി എട്ടിന് ഗുരുവായൂർ ശശിയുടെ തായമ്പക, തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി, ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക എന്നിവ അരങ്ങേറി.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ പള്ളിവേട്ട ഇന്ന് രാത്രി 7.30ന് നടക്കും. നാളെ രാത്രി ആറാട്ട് തിരിച്ചെഴുന്നള്ളിപ്പോടെ ഉത്സവം കൊടിയിറങ്ങും.