10.93 കോടി ചെലവിടും

കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിട നിർമ്മാണം ഈ മാസം തുടങ്ങും. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഹയർ എഡ്യൂക്കേഷൻ ഫിനാൻസ് ഏജൻസിയിൽ നിന്ന് അനുവദിച്ച 10.93 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. കാനറാ ബാങ്കും മന്ത്രാലയവും ചേർന്നുള്ള സംരംഭമാണിത്. രാജ്യത്ത് ഒരേ രീതിയിൽ 44 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് ഫണ്ട് അനുവദിച്ചതിലാണ് കോന്നിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും നിർമാണം. മൂന്ന് വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

28 കോടിയുടെ പദ്ധതി

നാഷണൽ പ്രോജക്ട് കൺസ്ട്രക്ഷൻ കോർപ്പറേഷൻ കോന്നിയിൽ നിർമ്മിക്കേണ്ട കെട്ടിടത്തിന് 28 കോടി രൂപയുടെ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിന് തുക അനുവദിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ തുടങ്ങാനാണ് തീരുമാനം. ബാക്കി തുക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുമെന്നാണ് പ്രതീക്ഷ. കോന്നി താലൂക്കിലെ അരുവാപ്പുലം വില്ലേജിലെ നെടുമ്പാറയിൽ റവന്യൂ വകുപ്പ് അനുവദിച്ച എട്ട് ഏക്കർ സ്ഥലത്താണ് 4500 സ്ക്വയർ ഫീറ്റ് മീറ്ററിൽ കെട്ടിടം നിർമിക്കുന്നത്. കോന്നി സർക്കാർ മെഡിക്കൽ കോളേജും ഇതിന് സമീപമാണ്.

960 കുട്ടികൾക്ക് പഠന സൗകര്യം

എ കാറ്റഗറി വിദ്യാലയമായ ഇവിടെ 960 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. 24 ക്ളാസ് മുറികൾ, ഒരേ സമയം 300 പേർക്ക് ഇരിക്കാവുന്ന മൾട്ടി പർപ്പസ് ഹാൾ, 17 ക്വാർട്ടേഴ്സ് എന്നിവയാണ് പ്ളാനിലുള്ളത്. നിലവിൽ ഒാരാ ഡിവിഷനുകളാണ് അനുവദിച്ചതെങ്കിലും കെട്ടിടം പണി പൂർത്തിയാകുന്നതോടെ ഇത് രണ്ടാക്കി ഉയർത്താൻ കഴിയും. നിലവിൽ 200 കുട്ടികൾ പഠിക്കുന്നുണ്ട്.

താൽക്കാലിക സംവിധാനം

അട്ടച്ചാക്കൽ സെന്റ് ജോർജ്ജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇവിടെ സ്മാർട്ട് ക്ളാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജമാക്കാൻ അടൂർ പ്രകാശ് എം.എൽ.എയുടെയും ആന്റോ ആന്റണി എം.പിയുടെയും ഫണ്ട് അനുവദിച്ചിരുന്നു. അടൂർ പ്രകാശ് എം.എൽ.എയുടെ ശ്രമഫലമായാണ് കോന്നിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിച്ചത്. കാലതാമസത്തെ തുടർന്ന് പദ്ധതി നഷ്ടമാകുന്ന സാഹചര്യത്തിൽ താൽക്കാലിക സംവിധാനം ഒരുക്കാൻ ചുക്കാൻപിടിച്ചതും എം.എൽ.എയാണ്.