കോഴഞ്ചേരി: മാരാമൺ കൺവെൻഷനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന യോഗം വിലയിരുത്തി. ഒമ്പതിന് മുമ്പ് എല്ലാ വകുപ്പുകളും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ നിർദേശിച്ചു. കൺവെൻഷൻ നഗറിൽ സംഘാടകരുടേത് ഒഴികെയുള്ള ലഘുലേഖകളും പരസ്യങ്ങളും വിതരണം ചെയ്യുന്നത് നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷൻ കാലയളവിൽ പമ്പ നദിയിലെ ജലവിതാനം ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മൂഴിയാർ കെ.എസ്.ഇ.ബി ജനറേഷൻ സർക്കിൾ പ്രതിനിധി അറിയിച്ചു. കൺവെൻഷൻ നഗറിലും സമീപപ്രദേശങ്ങളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകൾ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രകാശിപ്പിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നഗറിൽ താൽക്കാലിക ഡിസ്പെൻസറിയും ആംബുലൻസ് സൗകര്യവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തും. പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് ആവശ്യാനുസരണം ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ക്രമീകരിക്കും. കൺവെൻഷൻ നഗറിലേക്ക് എത്തുന്ന റോഡിൽ താത്കാലിക ബസ് സ്റ്റോപ്പുകളും ക്രമീകരിക്കും. 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കാനായി വാട്ടർ അതോറിറ്റി രണ്ട് ആർ.ഒ പ്ലാന്റുകൾ സ്ഥാപിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ സേവനം നഗറിലുണ്ടാകും. കൺവെൻഷൻ നഗറിലേക്കുള്ള റോഡുകളിൽ ആവശ്യമായ അറ്റകുറ്റ പണികൾ നടത്തിയതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു. ശുചീകരണ, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് കോഴഞ്ചേരി, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജെ പ്രകാശ്കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ് നന്ദിനി, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസർ ദിവ്യ കോശി, കോഴഞ്ചേരി ഡെപ്യൂട്ടി തഹസിൽദാർ കെ.ജയദീപ്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ജി പ്രദീപ്, എം.ജെ രജേഷ്, സണ്ണിജോൺ, ബിനു ബേബി, പി.ജെ രജേഷ് കുമാർ, കിരൺ എബ്രഹാം തോമസ്, എസ് ഷാലികുമാർ, സന്തോഷ് ഏബ്രഹാം, സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ.ജോർജ്ജ് ഏബ്രഹാം, സെക്രട്ടറി സി.വി വർഗീസ്, സഞ്ചാര സെക്രട്ടറി റവ.സാമുവേൽ സന്തോഷം, ട്രഷറർ അനിൽ മാരാമൺ തുടങ്ങിയവർ പങ്കെടുത്തു.